ഫാഷൻ ഭീമനായ എൽവിഎംഎച്ചിന്റെ സിഇഒ ബെർണാഡ് അർനോൾട്ട് ശതകോടീശ്വരന്മാരിലെ പുതിയ ഒന്നാമൻ. അതേസമയം ട്വിറ്ററിന്റെ പുതിയ മേധാവിയായ ഇലോൺ മസ്കിന് ലോകത്തിലെ ഏറ്റവും ധനികരുടെ പട്ടികയിലെ ഒന്നാം സ്ഥാനം നഷ്ടമായി. 172.9 ബില്യൻ ഡോളറാണ് ബെർണാഡിന്റെ ആസ്തിമൂല്യം. എന്നാൽ 340 ബില്യൻ ഡോളറിൽനിന്ന് മസ്ക്കിന്റെ ആസ്തിമൂല്യം 168.5 ബില്യൺ ഡോളറായി കുറഞ്ഞു. ട്വിറ്റർ ഏറ്റെടുക്കലിന് 44 ബില്യൻ ഡോളർ ചെലവഴിച്ചതിനു പിന്നാലെയാണ് സ്പേസ് എക്സ്, ടെസ്ല എന്നിവയുടെയും സിഇഒയായ മസ്കിന്റെ ആസ്തിയിൽ കുറവു വന്നത്. ടെസ്ലയുടെ ഓഹരിമൂല്യം ഇടിഞ്ഞതും മസ്കിന് തിരിച്ചടിയായി.
അതേസമയം ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനി 125 ബില്യൻ ഡോളർ ആസ്തിയുമായി മൂന്നാം സ്ഥാനം നിലനിർത്തി. ആമസോൺ മേധാവി ജെഫ് ബെസോസ്, ബിൽ ഗേറ്റ്സ് എന്നിവർക്ക് 116 ബില്യൻ ഡോളർ ആസ്തിയുണ്ട്. 89.7 ബില്യൻ ഡോളർ ആസ്തിയുമായി മുകേഷ് അംബാനിയാണ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തുള്ളത്. 24.7 ബില്യന് ഡോളർ ആസ്തിയുള്ള ശിവ് നാടാർ 49-ാം സ്ഥാനവും നേടി.
ഈ വർഷം ഏപ്രിലിലാണ്, 3.67 ലക്ഷം കോടി രൂപയ്ക്ക് (4400 കോടി ഡോളർ) ട്വിറ്റർ ഏറ്റെടുക്കാൻ ഇലോൺ മസ്ക് കരാർ ഒപ്പുവച്ചത്. പിന്നീട് നിരവധി വിവാദങ്ങൾക്ക് ശേഷം ഒക്ടോബർ 27നു ഇടപാട് പൂർത്തിയായി. ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുടെ എണ്ണം സംബന്ധിച്ച യഥാർഥ കണക്കുകൾ നൽകണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു മസ്ക് പിന്മാറിയത്. ഇതിനെതിരെ ട്വിറ്റർ നിയമപോരാട്ടം ആരംഭിച്ചതോടെ മസ്കിന് ഇടപാടു പൂർത്തിയാക്കേണ്ടി വന്നു. ട്വിറ്റർ സിഇഒ സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ കൂട്ടപ്പിരിച്ചുവിടൽ ഉൾപ്പെടെയുള്ള നടപടികൾ മസ്ക് സ്വീകരിച്ചിരുന്നു. ഇതുമൂലം ആസ്തിയിലുണ്ടായ ഇടിവ് സാരമായി ബാധിച്ചു.