പാലക്കാട്: ചിറ്റൂർ പുഴയിൽ കുടുങ്ങിയ ഒരു കുടുംബത്തിലെ സ്ത്രീയടക്കമുളള നാലംഗ സംഘത്തെ അതിസാഹസികമായി രക്ഷപ്പെടുത്തി. കുത്തിയൊലിച്ച് ഒഴുകുന്ന പുഴയുടെ നടുവിൽ പാറക്കെട്ടിൽ കുടുങ്ങിയ നാലുപേരെയും വടംകെട്ടിയശേഷം ലൈഫ് ജാക്കറ്റ് ധരിപ്പിച്ചാണ് കരയിലേക്ക് എത്തിച്ചത്. ആദ്യം പുഴയിൽ കുടുങ്ങിയ പ്രായമായ സ്ത്രീയെ ആണ് കരയിലെത്തിച്ചത്. പിന്നീട് ഒരോരുത്തരെയായി കരയിലെത്തിക്കുകയായിരുന്നു.
ശക്തമായ നീരൊഴുക്കിനെ അതിജീവിച്ചാണ് അതീവദുഷ്കരമായ രക്ഷാദൗത്യം ഫയർഫോഴ്സ് നടത്തിയത്.
പുഴയിൽ നാലുപേരും കുടുങ്ങിയ ഉടനെ തന്നെ വിവരം അറിഞ്ഞ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയാണ്. ഇവർ കുടുങ്ങി അരമണിക്കൂറിനുള്ളിൽ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. കുടുങ്ങിയ ആളുകളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. മൂലത്തറ റെഗുലേറ്ററിൻറെ ഷട്ടറുകൾ തുറന്നതോടെയാണ് ചിറ്റൂ4 പുഴയിൽ വെള്ളം കൂടിയത്. അതിശക്തമായ നീരൊഴുക്കാണ് പുഴയിലുണ്ടായത്.തമിഴ്നാട് സ്വദേശികളാണ് കുടുങ്ങിയത്. പതിവായി തുണി അലക്കുകയും കുളിക്കുകയും ചെയ്യുന്ന സ്ഥലമായിരുന്നു. സാധാരണരീതിയിൽ ആയിരുന്നു വെള്ളം.
എന്നാൽ ഡാമിന്റെ ഷട്ടർ തുറന്നതിന് പിന്നാലെ പെട്ടെന്ന് ജലനിരപ്പ് ഉയരുകയായിരുന്നു. ഉടൻ തന്നെ പുഴയുടെ നടുവിലുള്ള ഉയർന്ന സ്ഥലത്ത് കയറി നിൽക്കുകയായിരുന്നു. രക്ഷാപ്രവർത്തകരെത്തി നാലുപേരെയും കരയ്ക്കെത്തിച്ചു.