ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ബെര്‍ലിൻ കുഞ്ഞനന്തൻ നായര്‍ അന്തരിച്ചു. 96 വയസായിരുന്നു. കണ്ണൂര്‍ നാറാത്തെ വീട്ടിൽ വച്ച് ഇന്ന് വൈകിട്ട് ആറോടെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വീട്ടിൽ വിശ്രമത്തിലായിരുന്നു.
1935 ൽ രൂപീകരിച്ച ബാലസംഘത്തിലൂടെയായിരുന്നു രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1939 ൽ വളരെ ചെറുപ്പത്തിൽ തന്നെ കമ്യൂണിസ്റ്റ് പാർടിയിൽ അംഗമായി. ആദ്യകാലങ്ങളിൽ കൊൽക്കത്തയും ഡൽഹിയും കേന്ദ്രീകരിച്ച് ദേശീയ തലത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. പാർട്ടി പിളർപ്പിന് ശേഷം സിപിഎമ്മിനൊപ്പം നിന്ന് പ്രവർത്തിച്ച കുഞ്ഞനന്തൻ 1957 ൽ ഇഎംഎസ് പാർട്ടി അഖിലേന്ത്യ സെക്രട്ടറി ആയപ്പോൾ പ്രൈവറ്റ് സെക്രട്ടറി ആയി. 1958 ൽ റഷ്യയിൽ നിന്നും മാർക്സിസം ലെനിനിസത്തിലും രാഷ്ട്രീയ മീമാംസയിലും ബിരുദമെടുത്തു.
പിശാചും അവന്റെ ചാട്ടുളിയും എന്ന പുസ്തകത്തിലൂടെയാണ് ശ്രദ്ധേയനായി. ബർലിൻ മതിൽ തകർന്നതോടെ നാട്ടിലേക്ക് മടങ്ങിയ കുഞ്ഞനന്തൻ പൊളിച്ചെഴുത്ത് എന്ന ആത്മകഥ പ്രസിദ്ധീകരിച്ചു. ഇഎംഎസ്സിൻ്റെ പൊളിറ്റിക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 79ാം വയസിൽ സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ടു. 1926 നവംബർ 26 ന് നാറാത്താണ് ജനനം. ഭാര്യ: സരസ്വതിയമ്മ. മകൾ : ഉഷ മരുമകൻ: ബർണർ റിസ്റ്റർ. സഹോദരങ്ങൾ: മീനാക്ഷി, ജാനകി, കാർത്യായനി.