തിരുവനന്തപുരം വെള്ളനാട് കഴിഞ്ഞ ദിവസം രാത്രി കിണറില്‍ വീണ കരടിയെ രക്ഷിക്കാന്‍ തീവ്ര ശ്രമം നടത്തുന്നു. മയക്കുവെടി വെച്ച ശേഷം കരടിയെ പുറത്തെടുക്കാനായിരുന്നു തീരുമാനം. എന്നാല്‍ മയങ്ങിയ കരടി വലവിട്ട് കിണറിനകത്തേക്ക് വീണു. കരടിയെ റാപിഡ് റെസ്പോണ്‍സ് ടീം കിണറിലിറങ്ങി വലയിലേക്ക് കയറ്റാനുള്ള ശ്രമം നടന്നെങ്കിലും രക്ഷപ്പെടുത്താനായില്ല.
അതേസമയം കിണറിനകത്ത് ശ്വാസം ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട റാപിഡ് റെസ്പോണ്‍സ് ടീം അംഗം പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിയവര്‍ കരടിയെ വലയിലാക്കാനാകാതെ തിരികെ കയറി. ഇതോടെ കിണറിലെ വെള്ളം വറ്റിക്കാന്‍ തീരുമാനമെടുത്തിരിക്കുകയാണ്.
വെള്ളനാട് സ്വദേശി അരവിന്ദന്റെ വീട്ടിലെ കിണറിലാണ് കഴിഞ്ഞ ദിവസം രാത്രി കരടി വീണത്. കോഴിയെ പിടിക്കാന്‍ ശ്രമിച്ച കരടി ആളുകളുടെ ശബ്ദം കേട്ടാണ് കിണറ്റില്‍ വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാ നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
കരടിയെ രക്ഷപ്പെടുത്തി കഴിഞ്ഞാല്‍ പരിശോധനകള്‍ക്ക് ശേഷം കോട്ടൂര്‍ ഉള്‍വനത്തില്‍ വിടാനാണ് തീരുമാനം. പൂര്‍ണ വളര്‍ച്ചയെത്തിയ ആരോഗ്യവാനായ കരടിയാണ് കിണറില്‍ വീണതെന്ന് ഡിഎഫ്ഒ പറഞ്ഞു.