ടി20 ലോകകപ്പിൽ ഇന്ത്യ സെമിയിൽ പുറത്തായതിന് പിന്നാലെ സെലക്ഷൻ കമ്മിറ്റി പിരിച്ചുവിട്ട് ബിസിസിഐ. ചേതൻ ശർമയുടെ നേതൃത്വത്തിലുള്ള നാലംഗ ദേശീയ സെലക്ഷൻ കമ്മിറ്റിയാണ് പിരിച്ചുവിട്ടത്. ചേതൻ ശർമ, ഹർവിന്ദർ സിംഗ്, സുനിൽ ജോഷി, ദേബാശിഷ് മൊഹന്തി എന്നിവരായിരുന്നു സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ. 2020-21 വർഷങ്ങളിലാണ് ഇവരെ നിയമിച്ചത്
ചേതൻ ശർമ മുഖ്യ സെലക്ടറായതിന് ശേഷം 2021 ടി20 ലോകകപ്പിന്റെ സെമിയിൽ എത്താതെ ഇന്ത്യ പുറത്തായിരുന്നു. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും പരാജയപ്പെട്ടു. പ്രധാന ടൂർണമെന്റുകളിൽ തുടർച്ചയായി പരാജയപ്പെടുന്നത് കണക്കിലെടുത്താണ് സെലക്ഷൻ കമ്മിറ്റി പിരിച്ചുവിടാൻ ബിസിസിഐ തീരുമാനിച്ചത്. സാധാരണ ഗതിയിൽ നാല് വർഷമാണ് സെലക്ഷൻ കമ്മിറ്റിയുടെ കാലാവധി
പുതിയ സെലക്ടർമാരെ തെരഞ്ഞെടുക്കുന്നതിന് ബിസിസിഐ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കുറഞ്ഞത് അഞ്ച് വർഷം മുമ്പെങ്കിലും ക്രിക്കറ്റിൽ നിന്ന് വിരമിച്ചവരാകണം അപേക്ഷിക്കേണ്ടത്. ഈ മാസം 28 വരെ അപേക്ഷിക്കാം.