ഏഴാം നമ്പര്‍ ജഴ്സി ഇനി ധോണിയുടെ പേരില്‍ അറിയപ്പെടും. ഈ നമ്പറിലുള്ള ജഴ്സി ഇനി ആര്‍ക്കും നല്‍കില്ലെന്ന് ബിസിസിഐ അറിയിച്ചു. ധോണിയോടുള്ള ആദര സൂചകമായാണ് ബഹുമതി നല്‍കിയിരിക്കുന്നത്.
നേരത്തെ ക്രിക്കറ്റര്‍ സച്ചിന് ടെണ്ടുല്‍ക്കറുടെ 10-ാം നമ്പര്‍ ജഴ്സിക്കാണ് സമാനമായ രീതിയില്‍ 2017ല്‍ ബിസിസിഐ ബഹുമതി നല്കി ആദരിച്ചത്. ടെണ്ടുല്‍ക്കറുടെയും ധോണിയുടെയും ജഴ്സി നമ്പറുകള്‍ തെരഞ്ഞെടുക്കാന്‍ ഇനി അവസരമുണ്ടാകില്ലെന്ന് കളിക്കാരോട് ബിസിസിഐ അറിയിച്ചു.
‘തുടക്കാക്കാരായ കളിക്കാരോടും നിലവിലെ ഇന്ത്യന്‍ ടീം കളിക്കാരോടും എം എസ് ധോണിയുടെ ജഴ്സി നമ്പര്‍ 7 എടുക്കരുതെന്ന് അറിയിച്ചു. ധോനിക്രിക്കറ്റിന് നല്കിയ സംഭാവനകളുടെ ആദര സൂചകമായി ഏഴാം നമ്പര്‍ ടീ-ഷര്‍ട്ടിന് വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ്. പുതിയ ഒരു കളിക്കാരന് നമ്പര്‍ 7,10 ജഴ്സികള്‍ ലഭിക്കില്ല,’ മുതിര്‍ന്ന ബോര്‍ഡ് ഉദ്യോഗസ്ഥന് പറഞ്ഞു.
ജൂലായ് ഏഴിനാണ് ധോണിയുടെ ജന്മദിനം. മാസവും ദിവസവും ഏഴായതുകൊണ്ടാണ് 7-ാം നമ്പര്‍ ജഴ്സി തെരഞ്ഞെടുത്തതെന്ന് ധോണി മുമ്പ് പറഞ്ഞിരുന്നു. ഏഴ് തന്റെ ഭാഗ്യ നമ്പര്‍ ആണെന്നും അ ദ്ദേഹം വിശ്വസിച്ചിരുന്നു.
ഈ വര്‍ഷം രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച യശസ്വി ജയ്സ്വാള്‍ 19-ാം നമ്പര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് നേരത്തെ തന്നെ ദിനേഷ് കാര്‍ത്തിക്കിന് നല്കിയതായിരുന്നു. ഇന്ത്യന്‍ ഓപണര്‍ ശുഭ്മാന്‍ ഗില്‍ ഏഴാം നമ്പര്‍ ജഴ്സി ആവശ്യപ്പെട്ടിരുന്നെങ്കിലും അനുവദിച്ചില്ല. പകരം 77-ാം നമ്പര്‍ നല്കി.