ഖത്തർ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ പുകവലിക്ക് നിരോധനം ഏർപ്പെടുത്തും. മത്സരങ്ങൾ നടക്കുന്ന 8 സ്റ്റേഡിയങ്ങൾക്കുള്ളിലും പുകയിലയ്ക്കും ഇ-സിഗരറ്റുകൾക്കുമാണ് വിലക്ക് ഏർപ്പെടുത്തുന്നത്. പുകവലി രഹിത അന്തരീക്ഷത്തിൽ കാണികൾക്ക് ആരോഗ്യകരവും സുരക്ഷിതവുമായ ഫിഫ ലോകകപ്പ് യാഥാർഥ്യമാക്കാനാണ് സ്റ്റേഡിയങ്ങളിലുൾപ്പടെ പുകയില ഉൽപ്പന്നങ്ങൾ ഒഴിവാക്കുന്നത്.
പൊതുജനാരോഗ്യമന്ത്രാലയം, സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി, ഫിഫ, ലോകാരോഗ്യ സംഘടന എന്നിവ ഉൾപ്പെടുന്ന സ്പോർട്സ് ഫോർ ഹെൽത്ത് പങ്കാളിത്തമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ലോകകപ്പ് വേളയിൽ സറ്റേഡിയത്തിനകത്തും പുറത്തും പുകയില നിയന്ത്രണ നടപടികൾ വികസിപ്പിച്ചിട്ടുണ്ട്. ഫാൻ സോണുകൾ ഉൾപ്പടെ പൊതുസ്ഥലങ്ങളിൽ പുകയില രഹിത അന്തരീക്ഷം കർശനമായി നടപ്പാക്കും.
20 വർഷമായി ആഗോള ടൂർണമെന്റുകൾ പുകയില രഹിത അന്തരീക്ഷത്തിലാണ് നടന്നുവരുന്നതെന്നും ദോഹ ലോകകപ്പിലും ഈ നയം ശക്തമായി നടപ്പാക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും ഫിഫ സുസ്ഥിരതാ വിഭാഗം മേധാവി വ്യക്തമാക്കി. ഖത്തർ ലോകകപ്പ് വേളയിൽ പുകയില സംബന്ധിച്ച ഫിഫ നയം നടപ്പാക്കുന്നതിനായി 80 പുകയില പരിശോധനാ ഇൻസ്പെക്ടർമാരുൾപ്പെട്ട ടീമിനെയാണ് ഖത്തർ നിയോഗിക്കുന്നത്. ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി വിഷ്വൽ, ഓഡിയോ ആശയവിനിമയ സംവിധാനങ്ങളും തയാറാക്കിയിട്ടുണ്ട്.