ക്ഷമയുടെ നെല്ലിപലക കാണുക എന്നൊക്കെ പറയുന്നത് വെറുതെയല്ല, അതെന്താണെന്ന് തൃശൂർ കൂർക്കഞ്ചേരി സ്വദേശി ബക്കർക്കയോട് ചോദിച്ചാൽ അറിയാം. ഓരോ ദിവസവും ‘ഡോട്ടു’കൾക്കൊണ്ട് ബക്കർക്ക വെള്ളപ്പേപ്പറുകളിൽ ചിത്രം വരയ്ക്കും. ദിവസങ്ങൾ പിന്നിടുമ്പോൾ ഈ കുത്തുകൾ ലക്ഷങ്ങളായി മാറും. ഇങ്ങനെ കുത്തുകൾകൊണ്ട് അത്ഭുതകരമായ ചിത്രങ്ങൾ സൃഷ്ടിക്കുകയാണ് ദുബായിൽ താമസമാക്കിയ അബൂബക്കർ എന്ന ബക്കർക്ക.
അഞ്ച് കൈവിരലുകളുള്ളവർക്ക് വരെ നിരവധി കാര്യങ്ങളിൽ സഹായം ആവശ്യമായി വരാറുണ്ട്. എന്നാൽ നാല് വിരലുകളുമായി ബക്കർ വരച്ചെടുക്കുന്നത് കുത്തിട്ട വിസ്മയങ്ങളാണ്. ഒന്നര പതിറ്റാണ്ടുമുൻപ് അബുദാബിയിലുണ്ടായ അപകടത്തിലാണ് ബക്കറിന്റെ നടുവിരൽ നഷ്ടമായത്. പക്ഷെ, പേന പിടിക്കാൻ തള്ളവിരലും ചൂണ്ടുവിരലും തന്നെ ധാരാളം. ഇപ്പോഴും പൂർണമായും ശരിയായിട്ടില്ലാത്ത വലംകൈയിലാണ് ബക്കറിന്റെ കുത്തിട്ട ചിത്രങ്ങൾ പിറവിയെടുക്കുന്നത്. സാധാരണ എ 3 സൈസിൽ ചിത്രങ്ങൾ വരച്ചുതീരണമെങ്കിൽ ഏകദേശം ഏഴ് ദിവസമെങ്കിലുമെടുക്കും. മൂഡ് അനുസരിച്ച് ദിവസവും 3-4 മണിക്കൂർ ഇരുന്നാണ് ബക്കർ വരയ്ക്കുക.
ഏകദേശം 50 ലക്ഷം കുത്തുകളാണ് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ചിത്രം വരച്ച് തീർക്കാൻ ബക്കർക്ക എ വൺ പേപ്പറിലിട്ടത്. മൂന്ന് അടി ഉയരവും അഞ്ച് അടി വീതിയുമുള്ള ഈ ചിത്രം വരച്ചുതീർക്കാൻ മൂന്ന് വർഷത്തോളമെടുത്തുവെന്ന് ബക്കർക്ക പറയുന്നു. 12ാം വയസിൽ തുടങ്ങിയതാണ് ബക്കർക്കയ്ക്ക് ‘ഡോട്ടു’കളോടുള്ള പ്രണയം. എല്ലാവരും സാധാരണ ചിത്രങ്ങൾ വരയ്ക്കുമ്പോൾ എല്ലാവരിൽ നിന്നും വ്യത്യസ്തമാകണമെന്ന ആഗ്രഹമാണ് ബക്കർക്കയെ കുത്തുകളുടെ ലോകത്തെത്തിച്ചത്. ഇന്റർനെറ്റ് പോലുമില്ലാതിരുന്ന അക്കാലത്ത് വരയ്ക്കാൻ പഠിപ്പിച്ചതും പ്രചോദനം നൽകിയതും ബക്കർക്കയുടെ പിതാവാണ്.
അന്ന് പുറത്തിറങ്ങിയിരുന്ന പത്രങ്ങളിലെ ചിത്രങ്ങൾ നിലവാരം കുറഞ്ഞവയായിരുന്നു. പലതും കുത്തുകൾ ചേർത്ത് കൂട്ടിവെച്ചത് പോലെ തോന്നുമായിരുന്നുവെന്ന് ബക്കർക്ക ഓർമിക്കുന്നു. കുത്തുകൾ ഇട്ട് ചിത്രം വരക്കുന്നതിനെപ്പറ്റിയുള്ള ചിന്തയിലേക്ക് എത്തിച്ചത്. ഏതോ പത്രത്തിൽ വന്ന പരസ്യത്തിന്റെ ചിത്രമാണ് ആദ്യം വരച്ചത്. ആ വരയുടെ ഫോട്ടോ ഇപ്പോഴും ബക്കർക്കയുടെ കൈവശമുണ്ട്. കളർ ചിത്രങ്ങൾ പെയിന്റ് ചെയ്തെടുക്കുന്നതിനോട് ഒട്ടും താല്പര്യമില്ല.
പിന്നീട് പ്രവാസലോകത്തെത്തിയപ്പോഴും ബക്കർക്ക വരയെ ജീവിതത്തോട് ചേർത്ത് നിർത്തി. യുഎഇയിലെ ഏഴ് എമിറേറ്റുകളുടെയും ഭരണാധികാരികളുടെ ചിത്രം വരച്ച് അവർക്ക് നേരിൽ സമർപ്പിക്കണമെന്നത് ബക്കർക്കയുടെ വലിയ ആഗ്രഹമാണ്. ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയുടെ ഡോട്ടുകൾ കൊണ്ടുള്ള ചിത്രം അദ്ദേഹത്തിന് നേരിൽ സമർപ്പിച്ചിരുന്നു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ മാതാവ് ശൈഖ ഫാത്തിമ ബിൻത് മുബാറഖിന്റെ ചിത്രവും ഇത്തരത്തിൽ വരച്ച് മറ്റൊരാൾ വഴി സമ്മാനിക്കാൻ സാധിച്ചുവെന്ന് ബക്കറിക്ക പറയുന്നു.
അന്ന് തന്നെ അബുദാബി കൊട്ടാരത്തിലേക്ക് വിളിച്ചുവരുത്തി അമൂല്യമായ പാരിതോഷികവും ബക്കർക്കയ്ക്ക് ഭരണാധികാരി സമ്മാനിച്ചിരുന്നു. കൂടാതെ ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ചിത്രം 16 ലക്ഷം കുത്തുകളിട്ട് എട്ട് മാസം കൊണ്ടാണ് വരച്ചത്. ഇപ്പോൾ അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമിയുടെ ചിത്രരചനയ്ക്കായുള്ള പണിപ്പുരയിലാണ് ബക്കറിക്ക. അത് മാത്രമല്ല ശൈഖ് ഹുമൈദിന്റെയും മക്കളുടെയും ചിത്രം ഒറ്റ ഫ്രെയിമിൽ വരച്ച് തീർത്തിരുന്നു ബക്കറിക്ക.
ഹൗസ് ഡ്രൈവറായ ബക്കർ വീണുകിട്ടുന്ന ഇടവേളകളിലാണ് ചിത്രങ്ങൾ വരയ്ക്കുക. ഓരോ ചിത്രത്തിലെയും കുത്തുകളുടെ എണ്ണവും വ്യത്യസ്തമായിരിക്കും. ഡാർക്ക് ഷെയ്ഡ് വരുമ്പോൾ കൂടുതൽ കുത്തുകൾ വേണ്ടി ചിത്രത്തിൽ ഉൾപ്പെടുത്തേണ്ടി വരും. ലൈറ്റ് ഷെയ്ഡിന് കുറച്ച് കുത്തുകൾ മതിയാവുമെന്നും ബക്കർ പറയുന്നു. ചിത്രങ്ങളിലെ കുത്തുകൾ എണ്ണിത്തിട്ടപ്പെടുത്താൻ പുറത്ത് നിന്ന് നോക്കുന്ന ആർക്കും സാധിക്കില്ല. അതുകൊണ്ട് തന്നെ സ്ക്വയർ ഇഞ്ചിന് 2000-2500 ഡോട്ടുകൾ എന്ന കണക്കിലാണ് ബക്കർ കുത്തുകളുടെ എണ്ണം കണക്കാക്കുന്നത്.
ഇത് ബക്കറിന് ഉപജീവന മാർഗം കൂടിയാണ്. അത്യാവശ്യക്കാർക്ക് ഓർഡർ സ്വീകരിച്ച് വരച്ച് കൊടുക്കുന്നുമുണ്ട്. തെയ്യത്തിന്റെ ചിത്രവും ബക്കറിക്കയുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലി അടക്കമുള്ളവർക്ക് അവരുടെ ചിത്രം വരച്ച് നേരിൽ സമ്മാനിച്ചിട്ടുണ്ടെന്നതും ബക്കറിക്കയുടെ ജീവിതത്തിലെ മറക്കാനാവാത്ത മുഹൂർത്തങ്ങളാണ്.