ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഗുസ്തി താരങ്ങള്‍ നടത്തിയ ചര്‍ച്ച പരാജയമെന്ന് ബജ്റംഗ് പൂനിയ. ശനിയാഴ്ച രാത്രി അമിത് ഷായുമായി നടത്തിയ ചര്ച്ചയെക്കുറിച്ച്പുറത്തു പറയരുതെന്ന് കേന്ദ്രം പറഞ്ഞിരുന്നതായും ബജ്റംഗ് പൂനിയ എന്‍ഡിടിവിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ചര്‍ച്ചയില്‍ ഒരു ഒത്തുതീര്‍പ്പും ഉണ്ടായിട്ടില്ലെന്നും ബ്ജറംഗ് പൂനിയ വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് ആഭ്യന്തര മന്ത്രി പറഞ്ഞത്. സമരം അവസാനിപ്പിച്ചിട്ടില്ല, അത് തുടരും. എങ്ങനെ മുന്നോട്ട് കൊണ്ട് പോകണമെന്നതിനെ സംബന്ധിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നും പൂനിയ പറഞ്ഞു.
ആഭ്യന്തര മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഗുസ്തി താരങ്ങള്‍ സമരം അവസാനിപ്പിച്ചെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് ബജ്റംഗ് പൂനിയയുടെ വെളിപ്പെടുത്തല്‍.
‘സര്‍ക്കാരിന്റെ മറുപടിയില്‍ താരങ്ങള്‍ തൃപ്തരല്ല. ഞങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുമില്ല,’ ബജ്റംഗ് പൂനിയ പറഞ്ഞു.
ലൈംഗികാതിക്രമ പരാതിയില്‍ അന്വേഷണം നേരിടുന്ന ബ്രിജ് ഭൂഷണെതിരെ ഉടന്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് താരങ്ങള്‍ സമരം ആരംഭിച്ചത്. എന്നാല്‍ കേന്ദ്രം ഈ സമരത്തെ അവഗണിക്കുകയായിരുന്നു. സമരം ശക്തമാക്കിയതിന് പിന്നാലെയാണ് കേന്ദ്രം ചര്‍ച്ച നടത്താന്‍ തയ്യാറായത്. ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി ഗുസ്തി താരങ്ങളുമായി രഹസ്യമായി ചര്‍ച്ച നടത്തിയത്.
ഗുസ്തി താരങ്ങള്‍ ലീവ് എടുത്താണ് സമരത്തില്‍ പങ്കെടുത്തുകൊണ്ടിരുന്നതെന്നും അതുകൊണ്ട് റിപ്പോര്‍ട്ട് ചെയ്യാനാണ് അവര്‍ തിരികെ പോയതെന്നും ബജ്റംഗ് പൂനിയ പറഞ്ഞു. സാക്ഷി മാലിക്ക് അടക്കമുള്ളവര്‍ ജോലിക്ക് പോയതിലാണ് ബജ്റംഗ് പൂനിയയുടെ മറുപടി. ജോലിക്ക് ഇതുവരെ തിരിച്ച് ചെല്ലാത്ത താനുള്‍പ്പെടെയുള്ള ആളുകള്‍ ഇനിയുമുണ്ടെന്നും, വേണ്ടി വന്നാല്‍ സമരത്തിന് വേണ്ടി ജോലി ഉപേക്ഷിക്കാന്‍ വരെ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.