മാലിദ്വീപുമായി വിവിധ മേഖലകളിൽ ബഹ്റൈൻ സഹകരണം വ്യാപിപ്പിക്കുന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബഹ്റൈൻ സന്ദർശനത്തിനെത്തിയ മാലിദ്വീപ് പ്രസിഡൻ്റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹിനെയും വിദേശകാര്യ മന്ത്രി ഡോ. അബ്ദുള്ള ഷാഹിദിനെയും അദ്ദേഹം സ്വീകരിച്ചു.
ബഹ്റൈൻ വിദേശകാര്യമന്ത്രി ഡോ. അബ്ദുള്ള ലത്തീഫ് ബിൻ റാഷിദ് അൽ സയാദിനും മാലിദ്വീപ് വിദേശകാര്യ മന്ത്രി ഡോ. അബ്ദുള്ള ഷാഹിദും ഗുദൈബിയ പാലസിൽ നിരവധി ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. ഉഭയകക്ഷി ബന്ധങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പൊതു താല്പര്യമുള്ള അന്താരാഷ്ട്ര വിഷയങ്ങളിലും ഇരു രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തും. ഇതിനായി രാഷ്ട്രീയ കൂടിയാലോചനകൾ സംബന്ധിച്ച ധാരണാ പത്രത്തിലും ഇരുവരും ഒപ്പു വച്ചു.
ബഹ്റൈനിലെ മുഹമ്മദ് ബിൻ മുബാറക് ആൽ ഖലീഫ അക്കാദമി ഫോർ ഡിപ്ലോമാറ്റിക് സ്റ്റഡീസും മാലി ദ്വീപിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇൻസ്റ്റിറ്റ്യൂട്ടും തമ്മിലുള്ള ധാരണാപത്രവും ഇരുരാജ്യങ്ങളും ഒപ്പുവച്ചു. നയതന്ത്ര പരിശീലനവും വിവരകൈമാറ്റവും സംബന്ധിച്ച ധാരണാപത്രത്തിലാണ് ഒപ്പുവച്ചത്. അതേസമയം ബഹ്റൈനിലെ ക്ലൗഡ് കമ്പ്യൂട്ടിങ് സെന്ററുകളിലെ വരിക്കാരുടെ വിവരങ്ങൾ മേൽ മാലിദ്വീപിന് പരമാധികാരം നൽകുന്ന സർട്ടിഫിക്കറ്റും ബഹ്റൈൻ മാലിദ്വീപിന് കൈമാറി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിന് കരാറുകൾ സഹായകമാവുമെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കി. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുമായും മാലിദ്വീപ് പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി.