ഇന്ത്യയിൽ ബി ബി സിയ്ക്ക് നിരോധനമെർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹിന്ദുസേന പ്രസിഡന്റ് വിഷ്ണു ഗുപ്ത സുപ്രീംകോടതിയിൽ നൽകിയ ഹർജി കോടതി തള്ളി. ബി ബി സി ഇന്ത്യാ വിരുദ്ധ നിലപാട് സ്വീകരിച്ചെന്നാരോപിച്ചാണ് ഹർജി നൽകിയത്. എന്നാൽ ആരോപണം തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് കോടതി പറഞ്ഞു.bജസ്റ്റിസ് സഞ്ജീവ് ഖന്ന, എം എം സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ജനുവരി 21 ന് ഐ ടി ആക്ടിലെ അടിയന്തര വ്യവസ്ഥകൾ പ്രകാരം ബി.ബി.സിയുടെ വിവാദമായ ഡോക്യുമെന്ററി ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ ന്റെ ലിങ്കുകൾ കേന്ദ്രം സമൂഹമാധ്യമങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നു. കൂടാതെ യൂട്യൂബ് വിഡിയോകൾ തടസപ്പെടുത്തുകയും ചെയ്തിരുന്നു.
അതേസമയം ബി ബി സിയുടെ ഡോക്യുമെന്ററി വരാനുണ്ടായ സാഹചര്യം അന്വേഷിക്കണമെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പിങ്കി ആനന്ദ് കോടതിയോട് ആവശ്യപ്പെട്ടു. യു കെ യിൽ ഇന്ത്യക്കാരനായ ഒരു വ്യക്തി പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്നു. കൂടാതെ ഇന്ത്യ സാമ്പത്തിക ശക്തിയായി വളരുകയും ചെയ്യുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യ വിരുദ്ധ വികാരം വളർത്തുന്നതിനാണ് ബി ബി സി ഡോക്യുമെന്ററി പുറത്തിറക്കിയതെന്ന് ഹർജിക്കാരൻ വാദിച്ചു.
എന്നാൽ ഈ വാദത്തിൽ അത്ഭുതം തോന്നുന്നുവെന്നും എങ്ങനെയാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ജസ്റ്റിസ് ഖന്ന ഹർജിക്കാരനോട് ചോദിച്ചു. പൂർണമായി നിരോധിക്കാനാണോ നിങ്ങൾ ആവശ്യപ്പെടുന്നത്? എന്താണ് ഇത്? തുടങ്ങിയ ചോദ്യങ്ങളും കോടതി അഭിഭാഷകനോട് ചോദിച്ചു. കൂടാതെ ഈ ഹർജി പൂർണമായും തെറ്റിദ്ധാരണയുളവാക്കുന്നതാണെന്ന് വിധിച്ച് ഹർജി തള്ളുന്നുവെന്നും കോടതി വ്യക്തമാക്കി.