ഓസ്ട്രേലിയയിലെ ആദ്യത്തെ ഗർഭപാത്രം മാറ്റിവയ്ക്കൽ അടുത്ത വർഷം ആദ്യം നടക്കും. പുതിയ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഭാഗമായി ഗർഭപാത്രം മാറ്റിവയ്ക്കുന്നതിന് സിഡ്നിയിലെ റോയൽ വിമൻസ് ഹോസ്പിറ്റലിന് എത്തിക്സ് അംഗീകാരം ലഭിച്ചു. 12 സ്ത്രീകൾ ഓസ്ട്രേലിയയിലെ ആദ്യത്തെ ഗർഭപാത്രം മാറ്റിവയ്ക്കൽ സ്വീകർത്താക്കളായി മാറും.
ഗൈനക്കോളജിസ്റ്റ് റെബേക്ക ഡീൻസും സംഘവും 12 ഗർഭാശയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളാണ് നടത്തുക. ഇതിൽ ആറ് എണ്ണം ലൈവ് ഡോണർമാരിരിൽ നിന്നും ആറ് മരണ ദാതാക്കളിൽ നിന്നുമായിരിക്കും ട്രാൻസ്പ്ലാന്റ് ചെയ്യുക. അഞ്ച് വർഷത്തിനുള്ളിൽ ആറ് ലൈവ് ട്രാൻസ്പ്ലാൻറുകളുടെ പുരോഗതി ഗവേഷകർ നിരീക്ഷിക്കും. ഗർഭപാത്രമില്ലാതെ ജനിച്ച സ്ത്രീകളും മെഡിക്കൽ കാരണങ്ങളാൽ ഗർഭപാത്രം നീക്കം ചെയ്തവർക്കും ഒരു കുട്ടിയെ വഹിക്കാൻ കഴിയുമോ എന്ന് കണ്ടെത്തുന്നതിനാണ് പരീക്ഷണമെന്ന് ഗൈനക്കോളജിസ്റ്റ് ഡോ.റെബേക്ക ഡീൻസ് പറഞ്ഞു.
പ്രസവ സമയത്ത് രക്തസ്രാവം അനുഭവപ്പെട്ടതിനെ തുടർന്ന് ഗർഭപാത്രം നീക്ക ചെയ്ത 29 കാരിയായ കിർസ്റ്റി ബ്രയന്റ് ആയിരിക്കും ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയാവുന്ന ആദ്യത്തെ ഓസ്ട്രേലിയയിലെ ആദ്യത്തെ വനിത. അമ്മ മിഷേൽ ആണ് ബ്രയന്റിന്റെ ഗർഭപാത്ര ദാതാവ്. എന്റെ അമ്മ എനിക്ക് നൽകുന്ന ഒരു അത്ഭുതകരമായ സമ്മാനമാണ് ഇതെന്നും ബ്രയന്റ് പറഞ്ഞു.
ഹോസ്പിറ്റൽ ഫോർ വിമൻ, വെസ്റ്റ്മീഡ്, ബ്ലാക്ക്ടൗൺ, കാംബെൽടൗൺ, പ്രിൻസ് ഓഫ് വെയിൽസ് ഹോസ്പിറ്റൽ എന്നിവയുൾപ്പെടെ സിഡ്നിയിലുടനീളമുള്ള ആശുപത്രികളിൽ നിന്നുള്ള 40 ഓളം മെഡിക്കൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയുള്ള ഗവേഷണ പദ്ധതി അഞ്ച് വർഷത്തേക്കാണ് പ്രവർത്തിക്കുക.