കൊലപാതകം നടത്തി ഓസ്ട്രേലിയയിൽ നിന്ന് കടന്നുകളഞ്ഞ ഇന്ത്യക്കാരൻ അറസ്റ്റിൽ. രാജ്വീന്ദർ സിങ് (38) എന്ന ഇന്ത്യൻ നഴ്സിനെയാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ഓസ്ട്രേലിയൻ പൊലീസ് ഇയാൾക്ക് 5.23 കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. 2018 ഒക്ടോബറിൽ വാങ്കെറ്റി ബീച്ചിൽ വെച്ച് ടോയ കോർഡിങ്ലി (24) എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലാണ് രാജ്വീന്ദർ സിങ്ങിനെ ഓസ്ട്രേലിയൻ പൊലീസ് തേടിയത്.
സംഭവത്തിന് പിന്നാലെ ഇയാൾ കുടുംബസമേതം ഓസ്ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് മുങ്ങി. 2021ൽ സിങ്ങിനെ വിട്ടുകിട്ടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ ഇന്ത്യയോട് അഭ്യർഥിച്ചു. തുടർന്ന് ഓസ്ട്രേലിയയുടെ ആവശ്യം ഇന്ത്യ അംഗീകരിച്ചു. പഞ്ചാബിലെ ബുട്ടർകലാൻ സ്വദേശിയായ രാജ്വീന്ദർ ഓസ്ട്രേലിയയിലെ ഇന്നിസ്ഫെയിലില് നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു. ഇയാൾ ഇന്ത്യയിലേക്ക് മുങ്ങി, തൊട്ടടുത്ത ദിവസമാണ് ബീച്ചിൽനിന്ന് യുവതിയുടെ മൃതദേഹം കണ്ടെടുക്കുന്നത്.