ഈ വർഷത്തെ സ്ഥിര കുടിയേറ്റ വിസകളുടെ എണ്ണം കൂട്ടുന്നുവെന്ന് ഓസ്ട്രേലിയ. 35,000 വിസകളാണ് നിലവിൽ അനുവദിച്ചിരുന്നത് .എന്നാൽ അത് ഈ വർഷം മുതൽ 1,95,000 വിസകളാക്കാനാണ് ഓസ്ട്രേലിയൻ സർക്കാരിന്റെ തീരുമാനം. വ്യവസായമേഖലകളിൽ തൊഴിലാളി ക്ഷാമം രൂക്ഷമായതിന്റെ സാഹചര്യത്തിലാണ് തീരുമാനം.
കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടു വർഷമായി കുടിയേറ്റമൊന്നും അനുവദിച്ചിരുന്നില്ല. ഇതുമൂലം അവധിക്കാല തൊഴിലാളികളുടെയും വിദേശ വിദ്യാർഥികളുടെയും തിരിച്ചുപോക്കും രാജ്യത്തെ പല മേഖലയിലും തൊഴിലാളികളുടെ ക്ഷാമം വർധിപ്പിച്ചിരുന്നു. ഇപ്പോൾ ഓസ്ട്രേലിയയിലെ തൊഴിലില്ലായ്മ നിരക്ക് 3.4 ശതമാനമാണ്. 50 വർഷത്തെ ഏറ്റവും താഴ്ന്ന നിലയാണിത്. ഇതിനോടകം തന്നെ വാർഷിക കുടിയേറ്റം 1,60,000 ആക്കണമെന്ന് വ്യവസായികൾ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
നിയമത്തിൽ മാറ്റം വരുന്നതോടുകൂടി ജോലിക്കായി നിരവധി നഴ്സുമാർ രാജ്യത്തേക്ക് വരാനുള്ള സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത് . കൂടാതെ എൻജിനീയർമാർക്കും ഇതിലൂടെ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന് ആഭ്യന്തരകാര്യമന്ത്രി ക്ലാരെ ഒ നീൽ പറഞ്ഞു.