കോഴിക്കോട്: കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരാനൊരുങ്ങുന്ന പദ്മജ വേണുഗോപാലിനെ തള്ളിപ്പറഞ്ഞ് സഹോദരനും കോൺഗ്രസ് നേതാവുമായ കെ.മുരളീധരൻ എംപി. ബിജെപിയിൽ ചേർന്നാൽ പദ്മജയുമായി യതൊരു ബന്ധവുമുണ്ടാവില്ലെന്നും കരുണാകരൻ്റെ ആത്മാവ് പോലും പദ്മജയോട് പൊറുക്കില്ലെന്നും മുരളീധരൻ പറഞ്ഞു. ചാലക്കുടിയിൽ പദ്മജ ബിജെപി സ്ഥാനാർത്ഥിയാവുമെന്ന വാർത്തയെപ്പറ്റി ചോദിച്ചപ്പോൾ എങ്കിൽ ബിജെപിക്കാണോ നോട്ടയ്ക്കാണോ കൂടുതൽ വോട്ട് കിട്ടുകയെന്ന് കാണാമെന്നും മുരളീധരൻ പറഞ്ഞു
മുരളീധരൻ്റെ വാക്കുകൾ –
കോൺഗ്രസ് പാർട്ടിയിൽ നിന്നുള്ള അവഗണനയുണ്ടായി. ചിലർ തെരഞ്ഞെടുപ്പിൽ കാലുവാരാൻ നോക്കി എന്നൊക്കെയുള്ള പദ്മജയുടെ പരാമർശങ്ങൾ ചാനലിൽ കണ്ടു. കോണ്ഗ്രസ് എന്നും നല്ല പരിഗണനയാണ് പദ്ജയ്ക്ക് നൽകിയത്. ഞാൻ 2011-ൽ വട്ടിയൂർക്കാവിൽ മത്സരിക്കുമ്പോൾ പഴയ തിരുവനന്തപുരം ഈസ്റ്റ്, നോർത്ത്, വെസ്റ്റ് മണ്ഡലങ്ങൾ എൽഡിഎഫ് എംഎൽഎമാരായിരുന്നു. ആ സീറ്റിലാണ് ഞാൻ 16000 വോട്ടിന് ഞാൻ ജയിച്ചത്. രാജീവ് ഗാന്ധിയും ഇന്ദിരാഗാന്ധിയും മരിച്ച കാലത്തെ തെരഞ്ഞെടുപ്പുകളിൽ പോലും എൽഡിഎഫ് ജയിച്ച മണ്ഡലമാണ് വടകര. തൊട്ടുമുൻപത്തെ തെരഞ്ഞെടുപ്പിൽ മൂവായിരം വോട്ടിനാണ് മുല്ലപ്പള്ളി അവിടെ ജയിച്ചത്. അതേസമയത്താണ് ജെഡിയു യുഡിഎഫ് വിട്ടു പോയത്. എന്നിട്ടും ഞാനവിടെ 84000 വോട്ടിന് ജയിച്ചു. അതെൻ്റ മാത്രം കഴിവല്ല. യുഡിഎഫ് സംവിധാനം മുഴുവൻ എനിക്കൊയി പ്രവർത്തിക്കുകയും ജനം എനിക്കൊപ്പം നിൽക്കുകയും ചെയ്തത് കൊണ്ടാണ് ഈ വിജയമൊക്കെ ഉണ്ടായത്.
എന്നാൽ പദ്മജയുടെ കാര്യത്തിൽ 2004-ൽ അവർ മുകുന്ദപുരത്ത് മത്സരിക്കുമ്പോൾ ലോനപ്പൻ നമ്പാടനാണ് എതിർസ്ഥാനർത്ഥി. 99-ൽ 52000 വോട്ടിനാണ് നമ്പാടൻ ജയിച്ചത്. അവിടെ പദ്മജ മത്സരിച്ചപ്പോൾ ഒന്നരലക്ഷം വോട്ടിനാണ് പദ്മജ തോറ്റത്. അന്ന് കൌണ്ടിംഗ് നടക്കുമ്പോൾ ഭൂരിപക്ഷം കണ്ട് നമ്പാടൻ തന്നെ ഞെട്ടിപ്പോയി. എവിടെ നിന്നാണ് ഈ വോട്ടൊക്കെ വരുന്നതെന്നാണ് അന്ന് നമ്പാടൻ ആശ്ചര്യപ്പെട്ടത്. പിന്നീട് 2011-ൽ തേറമ്പിൽ രാമകൃഷ്ണൻ പതിനായിരത്തിലേറെ വോട്ടിന് ജയിച്ച സീറ്റിൽ പദ്മജ 2016-ൽ മത്സരിച്ച് ഏഴായിരം വോട്ടിന് തോറ്റു. പിന്നെ 2021-ൽ അതേ സീറ്റിൽ പദ്മജ വീണ്ടും മത്സരിച്ചു. ത്രികോണപ്പോരിൽ ആയിരം വോട്ടിന് തോറ്റു. തെരഞ്ഞെടുപ്പിൽ ചിലർ കാലുവാരി തോൽപിച്ചു എന്നൊക്കെ പറയുമ്പോൾ ഇതൊക്കെ നോക്കണം. എന്നെയും പലവട്ടം കാലുവാരിയിട്ടുണ്ട് എന്നിട്ട് ഞാനാരോടും പരാതി പറയാൻ പോയിട്ടില്ല. ഞാൻ ഒരു കാലത്ത് കോണ്ഗ്രസ് വിട്ടു പോയ ആളാണ് എൽഡിഎഫോ യുഡിഎഫോ എന്നെ എടുക്കാത്ത ഒരു കാലമുണ്ടായിരുന്നു. എന്നിട്ടും അന്നു ഞാൻ ബിജെപിയിലേക്ക് പോയിട്ടില്ല. അന്ന് ആ മുന്നണിയിൽ ചേരാൻ യാതൊരു തടസ്സവും ഉണ്ടായിരുന്നില്ല. ഒരു കാലത്തും വർഗീയതയോട് സന്ധി ചെയ്യാത്ത ആളാണ് കരുണാകരൻ. പദ്മജയെ എടുത്തത് കൊണ്ട് കാൽകാശിൻ്റെ ഗുണം ബിജെപിക്ക് കേരളത്തിൽ ഉണ്ടാവില്ല. എല്ലാ സീറ്റിലും ബിജെപിയെ ഞങ്ങൾ മൂന്നാം സ്ഥാനത്തേക്ക് തള്ളും. അവർ ഒന്നാമതാവും എന്ന് കരുതുന്ന മണ്ഡലങ്ങളിലടക്കം അതു സംഭവിക്കും.
ബിജെപിയിലേക്ക് പോകുമെന്ന യാതൊരു സൂചനയും ഒരു ഘട്ടത്തിലും എനിക്ക് പദ്മജ നൽകിയിട്ടില്ല. ബിജെപിയിലേക്ക് ഒരുപാട് പേർ വിളിക്കുന്നുണ്ട് എന്നാൽ അച്ഛൻ കഷ്ടപ്പെട്ട് വളർത്തിയ പാർട്ടി വിട്ടു എങ്ങനെ പോകും എന്നാണ് നേരത്തെ എന്നോട് പറഞ്ഞത്. കെ.കരുണാകരനെ ചിതയിലേക്ക് എടുക്കുമ്പോൾ അദ്ദേഹത്തിൻ്റെ ദേഹത്ത് പുതപ്പിച്ചത് കോണ്ഗ്രസിൻ്റെ പതാകയാണ്. ഒരു പ്രസ്ഥാനത്തിൽ നിൽക്കുമ്പോൾ പദവികൾ വരും പോകും. കിട്ടാത്ത സ്ഥാനമാനങ്ങളെക്കുറിച്ച് പറയുമ്പോൾ കിട്ടിയ കണക്കും ഓർക്കണ്ടേ. എനിക്കും പലപ്പോഴും പാർട്ടിയിൽ പരാതിയും അതൃപ്തിയും ഉണ്ടായിട്ടുണ്ട്. അതൊക്കെ ഞാൻ പാർട്ടിക്ക് അകത്തും പുറത്തും പറഞ്ഞിട്ടുണ്ട്. എന്നു വച്ച് വഴിപിരിയുകയാണോ ചെയ്യേണ്ടത്.
എത്ര സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോയ ആളാണ് കെ.കരുണാകരൻ. കഷ്ടപ്പെട്ടാണ് പലപ്പോഴും പാർട്ടിയെ അദ്ദേഹം മുന്നോട്ട് നയിച്ചത്. ഒരു കാലത്ത് അദ്ദേഹത്തിന് പാർട്ടിയിൽനിന്നും പുറത്തു പോകേണ്ടി വന്നു. എന്നിട്ടും അദ്ദേഹം ക്ഷമ പറഞ്ഞു തിരിച്ചു വന്നില്ലേ. പാർട്ടി വളർത്താൻ കരുണാകരനും ആൻ്റണിയും കുറേ കഷ്ടപ്പെട്ടിട്ടുണ്ട്. ആ കഷ്ടപ്പാട് തിരിച്ചറിയാത്ത മക്കൾക്ക് ഈ ദുഷ്ടബുദ്ധിയൊക്കെ തോന്നും. ഞാനീ കഷ്ടപ്പാടൊക്കെ അനുഭവിച്ചയാളാണ്. ആ പാർട്ടിയെ വിട്ട് ഈ രാജ്യം നശിപ്പിക്കാൻ നോക്കുന്ന പാർട്ടിക്കൊപ്പം പോവുകയാണ്. വർക്ക് അറ്റ് ഹോമിലുള്ളവർക്ക് ഇത്രയൊക്കെ സ്ഥാനം കൊടുത്താൽ പോരെ.
തെരഞ്ഞെടുപ്പിലേക്ക് അടുത്ത് നിൽക്കുന്ന സമയത്താണ് ഇങ്ങനെയൊരു ചതി. പദ്മജയുടെ ഭർത്താവിനെ ഇഡി ചോദ്യം ചെയ്തോ എന്ന് എനിക്കറിയില്ല. എൻ്റെ അടുത്ത് ഒരു ഇഡിയും വന്നിട്ടില്ല. ഒരു സുപ്രഭാതത്തിൽ ഒരു വ്യക്തി പാർട്ടി വിട്ടു പോകുന്നുവെങ്കിൽ അതിനു പിന്നിൽ വേറെ ചിലതുണ്ടാവും. വടകരയിലെ വോട്ടർമാർക്ക് എന്നെ അറിയാം. ഈ പരിപ്പൊന്നും അവിടെ വേവില്ല. എൻ്റെ പാർട്ടി പറഞ്ഞാൽ ഞാൻ ശക്തമായി പോരാടും. വർഗ്ഗീയ കക്ഷിക്കൊപ്പം പോയ പദ്മജയോട് അച്ഛൻ്റെ ആത്മാവ് പൊറുക്കില്ല. ഇനി സഹോദരി എന്ന ബന്ധം പോലുമില്ല. പാർട്ടിയെ ചതിച്ചത് സഹോദരിയാണെങ്കിലും യാതൊരു ബന്ധവുമില്ല. കരുണാകരൻ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് സംഘികളെ കേറി നിരങ്ങാൻ ഞങ്ങൾ അനുവദിക്കില്ല. ചാലക്കുടിയിൽ പദ്മജ പദ്മജ മത്സരിച്ചാൽ നോട്ടയ്ക്കാണോ ബിജെപിക്കാണോ കൂടുതൽ വോട്ട് കിട്ടുകയെന്ന് അറിയാം.