ചൈനീസ് നിർമ്മിതമായ സുരക്ഷാ ക്യാമറകൾ ഒഴിവാക്കുന്നുവെന്ന് ആസ്ട്രേലിയ പ്രഖ്യാപിച്ചു. സർക്കാർ കെട്ടിടങ്ങളിൽ സ്ഥാപിച്ച ചൈനീസ് നിർമിതമായിട്ടുള്ള സുരക്ഷാ ക്യാമറകളാണ് ഒഴിവാക്കുന്നത്. ആസ്ട്രേലിയയുടെ സജ്ജീകരണങ്ങൾ പൂർണമായും സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്താനാണിതെന്ന് പ്രതിരോധ മന്ത്രി അറിയിച്ചു.
അതേസമയം സമാനമായ രീതിയിൽ അമേരിക്കയും ബ്രിട്ടനും അവരുടെ പ്രധാന സ്ഥലങ്ങളിലും സർക്കാർ കെട്ടിടങ്ങളിലും ചൈനീസ് നിർമ്മിത ക്യാമറകൾ സ്ഥാപിക്കുന്നത് ഒഴിവാക്കിയിരുന്നു. മറ്റ് രാജ്യങ്ങളുടെ രഹസ്യ വിവരങ്ങൾ ചൈനയുടെ സുരക്ഷാ ഏജൻസികൾക്ക് ചോർത്തി നൽകാൻ ചൈനീസ് കമ്പനികൾ നിർബന്ധിതരാകുമെന്ന മുൻകരുതലിലാണ് കഴിഞ്ഞ വർഷം മുതൽ ബ്രിട്ടൻ നടപടിയെടുത്തിരുന്നത്. ഇതിനുപിന്നാലെയാണ് ആസ്ട്രേലിയയും പ്രഖ്യാപനം നടത്തിയത്.
ആസ്ട്രേലിയയിലെ പ്രതിരോധ മന്ത്രാലയമടക്കമുള്ള 200ലേറെ സർക്കാർ കെട്ടിടങ്ങളിലാണ് ചൈനീസ് നിർമിതമായ സുരക്ഷാ ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. എല്ലാ ക്യാമറകളും കണ്ടെത്തി നീക്കുമെന്ന് പ്രതിരോധ മന്ത്രി അറിയിച്ചു. ആസ്ട്രേലിയയുടെ എല്ലാ സൗകര്യങ്ങളും പൂർണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.