സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും നരേന്ദ്ര മോദിയും ഇന്നുമുതൽ തുടങ്ങുന്ന ജി-20 ഉച്ചകോടിക്കിടെ ബാലിയിൽ കൂടിക്കാഴ്ച നടത്തിയേക്കും. ജി-20 ഉച്ചകോടിയിൽ സംബന്ധിക്കാൻ ഇന്തോനേഷ്യയിലേക്ക് പോകുന്നവഴി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്നലെ ഇന്ത്യ സന്ദർശിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
ഊർജ മേഖലയിലെ പരസ്പര സഹകരണം, എണ്ണ വ്യാപാരം, പുനരുത്പാദന എനർജി മേഖലയിലെ നിക്ഷേപം തുടങ്ങി നിരവധി വിഷയങ്ങളിലെ ചർച്ച സൗദി കിരീടാവകാശിയുടെ ഇന്ത്യ സന്ദർശന വേളയിലെ അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നു. കിരീടാവകാശിയെ ഇന്ത്യയിലേക്ക് ക്ഷണിച്ചുകൊണ്ട് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ കത്തയച്ചിരുന്നു. അതേസമയം, ഇന്ന് മുതൽ തുടങ്ങുന്ന ജി-20 ഉച്ചകോടിക്കിടെ മുഹമ്മദ് ബിൻ സൽമാനും നരേന്ദ്ര മോദിയും ബാലിയിൽ കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷ.