പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. സംസ്ഥാനത്തിൻ്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുള്ള പ്രസംഗത്തിൽ കേന്ദ്ര സർക്കാറിനെതിരായ വിമർശങ്ങളുമുണ്ടായിരുന്നു. കേന്ദ്രത്തിനുള്ള വിമർശങ്ങളടക്കം ഒന്നും വിടാതെ ഗവർണർ വായിച്ചു. ഒന്നേകാൽ മണിക്കൂറോളം പ്രസംഗം നീണ്ടു. രാവിലെ ഒമ്പതിന് ആരംഭിച്ച പ്രസംഗം 10.14നാണ് അവസാനിച്ചത്.
വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികം, സാമ്പത്തികം തുടങ്ങിയ മേഖലകളിലെ പദ്ധതികളും നേട്ടങ്ങളും പ്രസംഗത്തിൽ വിശദീകരിച്ചു. ക്ഷേമപ്രവർത്തനങ്ങൾക്ക് പ്രത്യേകം ഊന്നൽ നൽകിയിരുന്നു. പാഠ്യപദ്ധതി പരിഷ്കരണം, സിൽവർ ലൈൻ അടക്കമുള്ളവ നടപ്പാക്കുമെന്ന് ഗവർണർ പറഞ്ഞു. പോലീസിന് അഭിനന്ദനവുമുണ്ടായിരുന്നു. കേരള സംസ്കാരം അടിസ്ഥാനമാക്കി പാഠ്യപദ്ധതി പരിഷ്കരിക്കും. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ മികച്ച കേന്ദ്രമാക്കും. അതിദാരിദ്ര്യം നിര്‍ത്താന്‍ ശ്രദ്ധേയ നീക്കങ്ങള്‍ നടത്തുന്നു. കാര്യക്ഷമവും വേഗതയുമുള്ള യാത്രക്ക് സില്‍വര്‍ലൈന്‍ വേണം. ഡി പി ആര് അന്തിമ അനുമതിക്ക് വേണ്ടി സമര്‍പ്പിച്ചു. സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ലെന്നും ഗവർണർ വ്യക്തമാക്കി.
രാജ്യത്ത് ഭരണഘടനാ മൂല്യങ്ങളും സ്വതന്ത്ര മാധ്യമപ്രവർത്തനവും വെല്ലുവിളി നേരിടുന്നതായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം സംരക്ഷിക്കപ്പെടും. മതേതരത്വവും മതസൗഹാര്‍ദവും സംരക്ഷിക്കും. നിയമസഭയുടെ നിയമനിര്‍മാണ അധികാരം സംരക്ഷിക്കണമെന്ന പരാമർശം ബില്ലുകളിൽ ഒപ്പുവെക്കാത്ത ഗവർണറുടെ സമീപനത്തെ വിമർശിക്കുന്നതായി. ഒ ബി സി സ്കൂള്‍ സ്ളോർഷിപ്പ് കേന്ദ്രം നിർത്തിയതും ഗവർണർ വിമര്‍ശിച്ചു. ന്യൂനപക്ഷക്ഷേമത്തിന് നിരവധി പദ്ധതികള്‍ കേന്ദ്രം നടപ്പാക്കി. നാനാത്വം അംഗീകരിച്ചാണ് സംസ്ഥാനം മുന്നോട്ടുപോകുന്നത്. സംസ്ഥാനത്തിൻ്റെ കടമെടുപ്പ് പരിധി കേന്ദ്രം നിയന്ത്രിച്ചത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിബന്ധമായെന്നും ഗവർണർ പറഞ്ഞു.