കൊല്ലം: കരുനാഗപ്പളളിയിൽ നിന്നും ഈ മാസം ആറാം തീയതി മുതൽ കാണാതായ വിജയലക്ഷ്മിയെന്ന സ്ത്രീയെ അമ്പലപ്പുഴയിൽ കൊന്ന് കുഴിച്ച് മൂടി. വിജയലക്ഷ്മിയുമായി അടുപ്പത്തിലായിരുന്ന പ്രതി ജയചന്ദ്രൻ പിടിയിൽ. വിജയലക്ഷ്മിക്ക് മറ്റ് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി പറയുന്നത്.
കരൂർ സ്വദേശിയാണ് അറസ്റ്റിലായ ജയചന്ദ്രൻ.സ്വന്തം വീട്ടിലേക്ക് വിളിച്ച് വരുത്തി പ്ലെയർ കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി, കുഴിച്ച് മൂടി കോൺക്രീറ്റ് ചെയ്തതായാണ് പ്രതി പറയുന്നത്. യുവതിയുടെ മൊബൈൽ ഫോൺ ജയചന്ദ്രൻ കെഎസ്ആർടിസി ബസ്സിൽ ഉപേക്ഷിച്ചതാണ് പോലീസിന് സംശയത്തിന് ഇടയാക്കിയത്. കാണാതായ യുവതിയുടെ മൊബൈൽ ഫോൺ എറണാകുളത്ത് നിന്ന് കണ്ടെത്തിയിരുന്നു. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിൽ കെഎസ്ആർടിസി ബസിൽ നിന്നാണ് കണ്ടെത്തുന്നത്.
അതേസമയം, വിജയലക്ഷമിയുമായുളള ജയചന്ദ്രന്റെ ബന്ധം അറിയാമായിരുനെന്ന് ജയചന്ദ്രന്റെ ഭാര്യ വെളിപ്പെടുത്തി. ബന്ധം അവസാനിപ്പിക്കാൻ പറഞ്ഞപ്പോൾ സാമ്പത്തിക ഇടപാടാണ് ഉളളതെന്നും പെട്ടെന്ന് പിൻമാറാൻ സാധിക്കില്ലെന്നുമാണ് ജയചന്ദ്രൻ പറഞ്ഞതെന്നുമാണ് ഭാര്യ പറയുന്നത്. സംഭവസ്ഥലത്ത് പ്രതിയുമായി തെളിവെടുപ്പ് നടത്തുന്ന പൊലീസ് മൃതദേഹം കുഴിച്ച് മൂടിയ സ്ഥലം പരിശോധിക്കാൻ ഒരുങ്ങുകയാണ്.