ഇന്ത്യൻ ക്രിക്കറ്റ് ടീം 2023 ഏഷ്യാ കപ്പ് കളിക്കാൻ പാക്കിസ്ഥാനിലേക്കു പോകില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. മുംബൈയിൽ വച്ച് നടന്ന ബിസിസിഐ വാർഷിക യോഗത്തിലാണ് ജയ് ഷാ നിലപാടു വ്യക്തമാക്കിയത്. അടുത്ത വർഷത്തെ ഏഷ്യാകപ്പ് ക്രിക്കറ്റ് നടക്കുന്നത് പാക്കിസ്ഥാനിലാണ്. എന്നാൽ ഇന്ത്യൻ ടീമിനെ പാക്കിസ്ഥാനിലേക്ക് അയക്കുന്നതിൽ ബിസിസിഐയ്ക്ക് എതിർപ്പില്ലെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
ബിസിസിഐ സെക്രട്ടറിയായ ജയ് ഷാ തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണിപ്പോൾ. അതേസമയം 2023 ലെ ഏഷ്യാകപ്പ് പാക്കിസ്ഥാനിൽ നടത്താതെ മറ്റേതെങ്കിലും വേദിയിൽ വച്ചു നടത്താൻ സാധ്യതയുണ്ടെന്ന് ജയ് ഷാ അറിയിച്ചു. 2005–06 ൽ രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായിരുന്ന കാലത്താണ് ടീം ഒടുവിൽ പാക്കിസ്ഥാനിലെത്തി കളിച്ചത്.
2012–13 ൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യയിലേക്ക് ഏകദിന, ട്വന്റി20 പരമ്പരകൾ കളിക്കാൻ എത്തിയിരുന്നു. അതിനു ശേഷം ഇരു ടീമുകളും തമ്മിൽ ഇതുവരെ പരമ്പരകൾ കളിച്ചിട്ടില്ല. ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് ഇരു ടീമുകളും ഇപ്പോൾ നേർക്കുനേര്‍ മത്സരിക്കുന്നത്. അതേസമയം ഓസ്ട്രേലിയയിൽ ഒക്ടോബർ 23ന് നടക്കുന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും.