മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇതര സംസ്ഥാന തൊഴിലാളി അശോക് ദാസ് യൂട്യൂബർ. എംസി മുന്നു എന്ന പേരിലാണ് യൂട്യൂബ് ചാനലുണ്ടായിരുന്ന ഒരു വ്ലോഗർ കൂടിയായിരുന്നു ഇയാൾ എന്നാണ് പൊലീസ് ഇപ്പോൾ വ്യക്തമാക്കുന്നത്.
പെൺ സുഹൃത്തിൻറെ വീട്ടിൽ രാത്രി എത്തിയ അശോക് ദാസിനെ ആൾക്കൂട്ടം കെട്ടിയിട്ടു തല്ലി കൊല്ലുകയായിരുന്നു. കേസിൽ നിലവിൽ അറസ്റ്റിലായവരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരും ഒരു മുൻ പഞ്ചായത്ത് മെമ്പറും ഉൾപ്പെടുന്നു. അശോക് ദാസിനെ കെട്ടിയിട്ട പ്രതികൾ ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയിരുന്നു. എന്നാൽ കേസായതോടെ ഇതെല്ലാം ഡിലീറ്റ് ചെയ്തു. ഈ ദൃശ്യങ്ങൾ വീണ്ടെടുക്കാനായി സൈബർ സെല്ലിനെ സമീപിച്ചിരിക്കുകയാണ് പൊലീസ്.
മുവാറ്റുപുഴ താലൂക്കിലെ വാളകം കവലയിലാണ് സംഭവമുണ്ടായത്. ജോലി ചെയ്യുന്ന ഹോട്ടലിലെ സഹപ്രവർത്തകയായ പെൺകുട്ടിയെ തേടിയെത്തിയ അശോക് ദാസും വീട്ടിലെ മറ്റു പെൺകുട്ടികളും തമ്മിൽ വാക്കേറ്റമുണ്ടായതായാണ് വിവരം. ഇതോടെ ഇയാൾ വീട്ടിനുള്ളിൽ വച്ച് സ്വന്തം കൈകൾക്ക് മുറിവേൽപ്പിച്ചു. ഇതിനിടെ പുറത്തിറങ്ങിയപ്പോൾ നാട്ടുകാർ ഇയാളെ വളഞ്ഞിട്ട് അടിച്ചു. ശേഷം റോഡിലുള്ള ക്ഷേത്ര പ്രവേശനകവാടത്തിൻ്റെ തൂണിൽ കെട്ടിയിട്ടു. തുടർന്നുള്ള മർദ്ദനത്തിലാണ് ഇയാൾ മരണപ്പെട്ടത്.
മർദ്ദനത്തിൽ ഇയാളുടെ ശ്വാസകോശം തകർന്നുവെന്നും തലയുടെ വലത്ത് ഭാഗത്തേറ്റ അടിയിൽ രക്തസ്രവം സംഭവിച്ചതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇതാണ് മരണകാരണമായതെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അവശനിലയിലായ അശോക് ദാസിനെ പുലർച്ചെ പൊലീസ് എത്തിയാണ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ തുടരുന്നതിനിടെ രാവിലെയോടെ ഇയാൾ മരണപ്പെട്ടു.പിന്നാലെ പെൺ സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.