ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ്റെ മകൻ ആര്യൻ ഖാൻ സംവിധാനത്തിലേക്ക്. നെറ്റ്ഫ്ലിക്സിന് വേണ്ടി ഒരുക്കുന്ന വെബ് സീരീസാണ് ആര്യൻ സംവിധാനം ചെയ്യുന്നത്. സ്ക്രിപ്റ്റ് പൂർത്തിയായിട്ടുണ്ടെന്നും ആക്ഷൻ പറയാൻ കൊതിയാകുന്നുവെന്നും ആര്യൻ തൻ്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. റെഡ് ചില്ലീസ് എന്റര്ടെയ്ൻമെന്റ് എന്ന് എഴുതിയ ക്ലാപ്ബോർഡും തിരക്കഥയയും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിൽ കാണാം. ഷാരൂഖിൻ്റെ നിർമാണക്കമ്പനിയായ റെഡ് ചില്ലീസ് തന്നെയാണ് ഈ വെബ് സീരീസ് നിർമിക്കുന്നതെന്നാണ് റിപ്പോർട്ട്.
ആര്യൻ്റെ മാതാപിതാക്കളായ ഷാരൂഖ് ഖാനും ഗൗരി ഖാനും ഉൾപ്പെടെ നിരവധി പേർ ആര്യന് ആശംസകൾ അറിയിവച്ച് രംഗത്ത് വന്നിട്ടുണ്ട്. ഷാരൂഖിൻ്റെയും ഗൗരിയുടെയും മൂത്ത മകനാണ് ആര്യൻ. അതേസമയം ദമ്പതിമാരുടെ മകൾ സുഹാനയും സിനിമയിൽ അരങ്ങേറ്റത്തിനൊരുങ്ങുകയാണെന്നാണ് സൂചനകൾ. ആര്യൻ സംവിധാനത്തിലാണ് ശ്രദ്ധ ചെലുത്തുന്നതെങ്കിൽ സുഹാന അഭിനേത്രിയാണെന്ന് ഷാരൂഖും കുടുംബവും പറയുന്നു. നെറ്റ്ഫ്ലിക്സ് സിനിമയായ ആർച്ചീസിലൂടെയാണ് സുഹാന അഭിനയജീവിതത്തിലേക്ക് കടക്കുന്നത്.