അർമേനിയയും അസർബൈജാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെ തുടർന്ന് വിഷയത്തിൽ ശക്തമായ ഇടപെടലുമായി റഷ്യയും തുർക്കിയും. അർമേനിയയുമായി അടുത്ത ബന്ധം പുലർത്തുന്ന റഷ്യയുടെ ഇടപെടലിനെ തുടർന്നാണ് അതിർത്തിയിൽ വെടിനിർത്തൽ പ്രാബല്യത്തിലായത്. ഇരു രാജ്യങ്ങളും നയതന്ത്ര മാർഗത്തിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. അതേസമയം, അർമേനിയ പ്രകോപനം അവസാനിപ്പിക്കണമെന്ന് അസർബൈജാനെ പിന്തുണയ്ക്കുന്ന തുർക്കിയും ആവശ്യപ്പെട്ടു.
സംഘർഷം രൂക്ഷമായ കഴിഞ്ഞ ദിവസം നിരവധി സൈനികർ കൊല്ലപ്പെട്ടു. അർമേനിയയുടെ ഭാഗത്ത് 49 പേരാണ് കൊല്ലപ്പെട്ടതെന്നു പ്രധാനമന്ത്രി നിക്കോൾ പഷ്നിയാൻ സ്ഥിരീകരിച്ചു. എന്നാൽ അസർബൈജാൻ കണക്കു പുറത്തുവിട്ടിട്ടില്ല. അതിർത്തിപട്ടണങ്ങളിൽ അസർബൈജാൻ ഷെല്ലിംഗ് നടത്തിയതാണ് തുടക്കമെന്ന് അർമേനിയ പറഞ്ഞു. തങ്ങളുടെ മിലിട്ടറി പോസ്റ്റുകളാണ് ആദ്യം ആക്രമിക്കപ്പെട്ടതെന്ന് അസർബൈജാനും അവകാശപ്പെട്ടു.
ക്രിസ്ത്യൻ ഭൂരിപക്ഷ അർമേനിയയും മുസ്ലിം ഭൂരിപക്ഷ അസർബൈജാനും തമ്മിൽ പതിറ്റാണ്ടുകളായി സംഘർഷം നിലനിൽക്കുന്നുണ്ട്. എൺപതുകളിലും തൊണ്ണൂറുകളിലുമായി രണ്ടുവട്ടം യുദ്ധമുണ്ടായി. 2020ൽ ആറാഴ്ച നീണ്ട ഏറ്റുമുട്ടലുണ്ടായി. അർമേനിയൻ വംശജർക്കു ഭൂരിപക്ഷമുണ്ടെങ്കിലും അന്താരാഷ്ട്രസമൂഹം അസർബൈജാന്റെ ഭാഗമായി അംഗീകരിക്കുന്ന നാഗോർണോ-കരാബാക്ക് പ്രദേശത്തിന്മേലുള്ള അവകാശവാദമാണു സംഘർഷത്തിന്റെ കാരണം.