ഇടുക്കി; പെരിയാർ കടുവ സങ്കേതത്തിലേക്ക് തുറന്നു വിട്ട അരിക്കൊമ്പൻ തമിഴ്നാട് അതിർത്തി താണ്ടിയതായി വനംവകുപ്പ്. അരിക്കൊമ്പനെ ധരിപ്പിച്ച റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ വഴിയാണ് ആനയുടെ സഞ്ചാരദിശ വനംവകുപ്പിന് കിട്ടുന്നത്.
പെരിയാർ കടുവ സങ്കേതത്തിലെ മേദകാനത്തിനും സീനിയോറടയ്ക്കും ഇടയിലുള്ള സ്ഥലത്താണ് അരിക്കൊമ്പനെ തുറന്നു വിട്ടത്. മയക്കുവെടിയുടെ ആലസ്യം പൂർണമായി മാറിയതോടെ അരിക്കൊമ്പൻ സാധാരണ നിലയിലേക്ക് വന്നിട്ടുണ്ട്. ഇന്നലെ ഒന്നരകിലോമീറ്ററോളം നടന്ന ആന ഇന്നത്തേക്ക് ഏഴ് കിലോമീറ്റർ ദൂരം കൂടി മുന്നോട്ട് പോയാണ് തമിഴ്നാട് വനമേഖലയിലേക്ക് പ്രവേശിച്ചത്.
വണ്ണാത്തിപ്പാറ എന്ന സ്ഥലത്ത് നിന്നാണ് റേഡിയോ കോളറിൽ നിന്നും രാവിലെയുള്ള സിഗ്നൽ കിട്ടിയത്. മേഘമല വന്യജീവിസങ്കേതത്തിൻ്റെ ഭാഗമാണ് വണ്ണാത്തിപ്പാറ. ചുരുളി വൈദ്യുതിപദ്ധതി പ്രദേശമാണിത്. പിന്നീട് വന്ന സിഗ്നലുകൾ പരിശോധിച്ചപ്പോൾ ഇവിടെ നിന്നും അരിക്കൊമ്പൻ തിരികെ പെരിയാർ കടുവ സങ്കേതത്തിലേക്ക് നടക്കാൻ തുടങ്ങിയിട്ടുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
നിലവിൽ ഒരു മണിക്കൂർ ഇടവേളയിൽ റേഡിയോ കോളറിൽ നിന്നും സിഗ്നലുകൾ വരുന്നുണ്ട്. ഇന്ന് മുതൽ ഇതിൻ്റെ ഇടവേള രണ്ട് മണിക്കൂറാക്കി വർധിപ്പിക്കും വരും ദിവസങ്ങളിൽ ഈ ഇടവേള കൂട്ടി. ദിവസത്തിൽ ഒരു തവണ മാത്രം സിഗ്നൽ വരുന്ന രീതിയിൽ റേഡിയോ കോളർ സജ്ജീകരിക്കും. റേഡിയോ കോളറിൻ്റെ ബാറ്ററി പരമാവധി സംരക്ഷിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
അതേസമയം അരിക്കൊമ്പന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ചിന്നക്കനാലിലെ മറ്റുള്ള കാട്ടാനകൾ. അരിക്കൊമ്പനൊപ്പമുള്ള പിടിയാനയും കുട്ടിയാനയും ചിന്നക്കനാൽ ഭാഗത്ത് തുടർച്ചയായി സഞ്ചരിക്കുന്നുണ്ട്. അരിക്കൊമ്പൻ പോയതോടെ ചിന്നക്കന്നാലിലുണ്ടായിരുന്ന രണ്ട് കാട്ടാനക്കൂട്ടവും ഇപ്പോൾ ഒരുമിച്ചാണ് നീങ്ങുന്നത്. ചക്കക്കൊമ്പനും ഇപ്പോൾ സംഘത്തോടൊപ്പം ഉണ്ട്.