ലോകകപ്പിൽ അർജന്റീനയുടെ ദയനീയ തോൽവിയുടെ ഞെട്ടൽ മാറാതെ ആരാധകർ. അർജന്റീനയെ 2-1ന് തകർത്ത് സൗദി അറേബ്യ ചരിത്ര വിജയം നേടിയപ്പോൾ ലുസൈൽ സ്റ്റേഡിയവും മരവിച്ചു. ലോകമെമ്പാടുമുള്ള കോടിക്കണക്കിനുള്ള അര്‍ജന്റീന ആരാധകർക്കും ടീമിനും അറേബ്യൻ ഷോക്കിൽ നിന്നും ഇതുവരെ മുക്തരാവാനായിട്ടില്ല. ലോകകപ്പിലെ എക്കാലത്തേയും വമ്പൻ തോൽവി ഏറ്റുവാങ്ങിയതോടെ അര്‍ജന്റീനയുടെ മുപ്പത്തിയാറ് മത്സരങ്ങള്‍ നീണ്ട വിജയക്കുതിപ്പിന് സൗദി വിരാമമിട്ടു.
ആദ്യ പകുതിയിൽ ഒരു ഗോളിന് പിറകിലായിരുന്ന സൗദി രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവരികയായിരുന്നു. അഞ്ചു മിനിറ്റ് ഇടവേളകളിലായി രണ്ടു ഗോളുകൾ നേടി സൗദി അർജന്റീനക്ക് ഷോക്ക് കൊടുത്തു. സലേ അൽ ഷെഹ്രി (48), സലീം അല്‍ ദവ്സരി (53) എന്നിവരാണ് സൗദിക്കായി ഗോൾ നേടിയത്. 10–ാം മിനിറ്റിൽ മെസിയുടെ പെനൽറ്റിയിൽ നിന്നാണ് അർജന്റീന ഏക ഗോൾ നേടിയത്.
22-ാം മിനിറ്റിൽ മെസിയും 28, 34 മിനിറ്റുകളിൽ ലൗതാരോ മാർട്ടിനെസും നേടിയ ഗോൾ ഓഫ് സൈഡിൽ കലാശിച്ചു. ആദ്യ പകുതിയിൽ ഏഴ് ഓഫ് സൈഡുകളാണ് അര്‍ജന്റീനയുടെ ഭാഗത്തുനിന്ന് പിറന്നത്.