ഖത്തര്‍ ലോകകപ്പിൽ ആദ്യ പോരാട്ടത്തിന് അര്‍ജന്റീന ഇന്ന് ഇറങ്ങും. മെസ്സിയേയും സംഘത്തേയും കാണാൻ ലുസൈല്‍ സ്റ്റേഡിയം ഇന്ന് നിറഞ്ഞുകവിയും. ഇന്ത്യൻ സമയം വൈകിട്ട് 3.30നാണ് അർജന്റീന-സൗദി അറേബ്യ മത്സരം. തങ്ങളുടെ ആറാമത്തെ ലോകകപ്പിനാണ് അറേബ്യന്‍ സംഘം എത്തുന്നത്.
രണ്ട് തവണ ലോകകപ്പില്‍ മുത്തമിട്ട ടീമാണ് അര്‍ജന്റീന. ഇത്തവണ ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമായ അര്‍ജന്റീനയെ സമനിലയില്‍ തളച്ചാല്‍ പോലും സൗദിക്ക് അത് വന്‍ നേട്ടമാണ്.
അർജന്റീന തോല്‍വിയറിയാതെ ഇതിനകം 36 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇനി മുന്നിലുള്ളത് 37 മത്സരങ്ങള്‍ പരാജയമറിയാതെ മുന്നേറിയ ഇറ്റലി മാത്രമാണ്. ഇന്ന് ജയിച്ചാൽ ആ റെക്കോർഡ് മറികടക്കാം. 2019 ജൂലൈ രണ്ടിനാണ് അര്‍ജന്റീനയുടെ തോല്‍വി അറിയാതെയുള്ള കുതിപ്പ് തുടങ്ങിയത്. ഒരു ഗംഭീര വിജയമാണ് അർജന്റീന ഇന്ന് പ്രതീക്ഷിക്കുന്നത്.