ഖത്തർ ലോകകപ്പ് കലാശപ്പൊരിന് ഇനി മണിക്കൂറുകൾ മാത്രം. മൂന്നാം കിരീടം ലക്ഷ്യമിട്ട് അർജന്റീനയും ഫ്രാൻസും ഇന്നിറങ്ങും. രാത്രി 8:30 ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം.
തുടര്‍ച്ചയായ രണ്ടാം കിരീടമാണ് ഫ്രഞ്ച് പടയുടെ ലക്ഷ്യം. 2018 ലോകകപ്പില്‍ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു ഫ്രഞ്ച് പട ലോകകിരീടത്തില്‍ മുത്തമിട്ടത്.
ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് ഇനി നേടാനുള്ളത് ലോകകപ്പ് കിരീടമാണ്. തന്റെ അവസാന ലോകകപ്പാണ് ഖത്തറിലേതെന്ന് പ്രഖ്യാപിച്ച മിശിഹായ്ക്കായി ലോക കിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അർജന്റീന ഇറങ്ങുക. കഴിഞ്ഞ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ വിജയം ഫ്രഞ്ച് പടയ്ക്കൊപ്പമായിരുന്നു.
എംബാപ്പെയും ഗ്രീസ്മാനും ജിറൂഡുമെല്ലാം അണിനിരക്കുന്ന ഫ്രഞ്ച് പടയെ പിടിച്ചുകെട്ടുക എന്നത് അർജന്റീനയെ സംബന്ധിച്ച് നിസാര കാര്യമായിരിക്കില്ല. എന്നിരുന്നാലും ആദ്യ തോൽവിയിൽ നിന്നും ഉയർത്തെഴുന്നേറ്റ മിശിഹായും കൂട്ടരും കപ്പുയർത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.