വ്യാപക വിമര്‍ശനങ്ങൾ ഉയർന്നതിന് പിന്നാലെ ഏപ്രില്‍ ഫൂള്‍ പോസ്റ്റ് നീക്കം ചെയ്ത് സംസ്ഥാന വനിതാ ശിശു വികസന വകുപ്പ്. ‘സ്ത്രീധനം വാങ്ങുന്നത് തെറ്റല്ല’, ‘ഭാര്യയ്ക്ക് മേല്‍ ഭര്‍ത്താവിന് ബലപ്രയോഗം നടത്താം’, സ്ത്രീകൾക്ക് കുറവ് വേതനം നൽകുന്നതിൽ തെറ്റില്ല ‘, ‘കല്യാണം കഴിഞ്ഞാൽ സ്ത്രീകൾ ജോലിയ്ക്ക് പോകരുത്’, ‘വീട്ടുജോലികൾ ചെയ്യേണ്ട ഉത്തരവാദിത്വം സ്ത്രീകൾക്കാണ്,’ എന്നീ നിയമങ്ങള്‍ ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പറഞ്ഞതിന് ശേഷം ഇത് ഏപ്രില്‍ ഫൂള്‍ തമാശ മാത്രമാണെന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായത്.
പൊതുധാരണകളെ പരിഹസിക്കുന്ന വിധത്തിലാണ് പോസ്റ്റ് തയാറാക്കിയിരുന്നത്. ഇത്തരം ധാരണകള്‍ ശരിയെന്ന് വിശ്വസിക്കുന്നവരാണ് യഥാര്‍ത്ഥ ഫൂളുകളെന്ന് പോസ്റ്റിൽ പറയുന്നു. ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന ചില ‘വിഡ്ഢി നിയമങ്ങള്‍’ എന്ന പേരിൽ പോസ്റ്റ് ചെയ്ത് അവസാനം ‘പറ്റിച്ചേ…’ എന്ന തമാശ പോസ്റ്ററും വനിതാ ശിശു വികസന വകുപ്പ് തങ്ങളുടെ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ പോസ്റ്റിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഏപ്രില്‍ ഫൂള്‍ പോസ്റ്റാണെങ്കിലും ഇതില്‍ ഉള്‍പ്പെട്ട ‘പറ്റിക്കല്‍ പോസ്റ്റുകള്‍’ വാട്ട്സ്ആപ്പിലും മറ്റും പ്രചരിക്കുകയും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുകയും ചെയ്തുവെന്ന് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചൂണ്ടിക്കാട്ടി. ഇതോടെ പോസ്റ്റ് എത്രയും പെട്ടന്ന് പിന്‍വലിക്കണമെന്ന് നെറ്റിസണ്‍സ് ആവശ്യപ്പെട്ടു. ഇതിനെ തുടർന്നാണ് വനിതാ ശിശു വികസന വകുപ്പിന്റെ ഔദ്യോഗിക പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്തത്.