മൊബൈൽ ഫോൺ റിപ്പയറിങ് അധ്യയനത്തിനുള്ള ലോകത്തെ ആദ്യ മെറ്റാവേഴ്സ് ആപ്ലിക്കേഷൻ പുറത്തിറക്കി ബ്രിട്കോ ആൻഡ് ബ്രിഡ്കോ. ബ്രിഡ്കോവേഴ്സ് എന്ന് പേരിട്ടിരിക്കുന്ന അപ്ലിക്കേഷൻ ചൊവ്വാഴ്ച യൂണിവേഴ്സിറ്റി ഓഫ് ദുബായ് പ്രസിഡന്റ് ഡോ: ഈസ എം.ബസ്തകി പ്രകാശനം ചെയ്തു.
മൊബൈൽ ഫോൺ റിപ്പയറിങ് പഠിക്കാനാഗ്രഹിക്കുന്നവർക്ക് മെറ്റാവേഴ്സിന്റെ ദൃശ്യാനുഭവത്തോടെ അത് സാധ്യമാകുന്നു എന്നതാണ് ബ്രിഡ്കോവേഴ്സിന്റെ സവിശേഷതയെന്നും സ്മാർട്ട് ഫോണുകളുടെയും അതിന്റെ സാങ്കേതിക ഭാഗങ്ങളുടെയും സൂക്ഷ്മമായ ത്രീ ഡി മോഡലുകളുടെ സഹായത്തോടെ പഠനം എളുപ്പമാക്കാൻ ഇത് സഹായകമാണെന്നും അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ലോകത്തെവിടെ നിന്നും ഈ അപ്ലിക്കേഷൻ ഉപയോഗിക്കാമെന്നും മൊബൈൽ റിപ്പയറിങ് പരിശീലനം സൗജന്യമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വാർത്താ സമ്മേളനത്തിൽ ബ്രിട്കോ ആൻഡ് ബ്രിഡ്കോ മാനേജിങ് ഡയറക്ടർ മുത്തു കോഴിച്ചെന,ഐ എം പി ടി മാനേജിങ് ഡയറക്ടർ വി പി എ കുട്ടി, മുജീബ് പുല്ലൂർത്തോടി,മുഹമ്മദ് ഷാരിഖ്,ഡെൻസിൽ ആന്റണി എന്നിവർ പങ്കെടുത്തു.