ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഡാര്വിന് കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. സാധാരണ കുറ്റാന്വേഷണ കഥകളില്‍ നിന്നും വ്യത്യസ്തമായി അന്വേഷകരുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു കൊലപാതകം അന്വേഷിക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കടന്ന് പോകുന്ന കാര്യങ്ങളെ കുറിച്ചാണ് സിനിമ പറഞ്ഞ് വെക്കുന്നതെന്നാണ് സംവിധായകന് ഡാര്വിന് കുര്യാക്കോസ് എഡിറ്റോറിയലിനോട് പറഞ്ഞത്.
രണ്ട് കൊലപാതങ്ങളുടെ കഥ
സിനിമയില്‍ ടൊവിനോ ചെയ്യുന്ന കഥാപാത്രത്തിന്റെ പേര് ആനന്ദ് നാരായണന് എന്നാണ്. ഒരു ചെറുപ്പക്കാരന് എസ്.ഐ ട്രെയിനിംഗ് കഴിഞ്ഞ് കോട്ടയത്ത് ചിങ്ങമനം എന്ന സ്ഥലത്ത് എസ്.ഐ ആയി ചാര്‍ജ് എടുക്കുന്നത് തൊട്ടുള്ള അയാളുടെ ജീവിതമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. ആനന്ദ് നാരായണനും മറ്റ് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് അവരുടെ കരിയറില്‍ അന്വേഷിക്കുന്ന രണ്ട് കൊലപാതകങ്ങളും സിനിമയില്‍ പറഞ്ഞ് വെക്കുന്നുണ്ട്. അതില്‍ ഇവര്‍ വിജയിക്കുമോ പരാജയപ്പെടുമോ എന്നതാണ് സിനിമ പറഞ്ഞ് വെക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥരുടെ ജീവിതത്തിനാണ് സിനിമയില്‍ പ്രാധാന്യം
ഈ സിനിമയില്‍ പ്രധാനമായും കാണിച്ചിരിക്കുന്നത് ഈ രണ്ട് കൊലപാതകങ്ങള്‍ അന്വേഷിക്കുമ്പോള്‍ അവര്‍ (അന്വേഷണ ഉദ്യോഗസ്ഥര്‍) കടന്ന് പോകുന്ന അവസ്ഥകളെ കുറിച്ചാണ്. കൊലപാതകത്തിനല്ല മറിച്ച് അന്വേഷണ ഉദ്യോഗസ്ഥരുടെ ജീവിതത്തിനാണ് സിനിമയില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. സിനിമയുടെ ടാഗ് ലൈന്‍ തന്നെ അന്വേഷണങ്ങളുടെ കഥയെന്നല്ല അന്വേഷകരുടെ കഥയെന്നാണ്.
പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തിലുള്ള ഒരു കുറ്റാന്വേഷണ കഥ
പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തിലുള്ള ഒരു കുറ്റാന്വേഷണ കഥ തന്നെയാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. പക്ഷെ സാധാരണ നമ്മള് കാണുന്ന സിനിമയില്‍ കൊലപാതകത്തിലൂടെ മാത്രമാണ് കഥ സഞ്ചരിക്കാറ്. എന്നാല്‍ അന്വേഷകരുടെ ജീവിതത്തിലൂടെ ഒരിക്കലും സിനിമ പോകാറില്ല. ജീവിതം എന്ന് പറയുമ്പോള്‍ ഒരു കേസ് അന്വേഷിക്കുമ്പോള്‍ അവര്‍ നേരിടുന്ന പ്രശ്നങ്ങളും വേദനകളുമാണ് ഞാന്‍ ഉദ്ദേശിച്ചത്. ബാക്കിയെല്ലാം തന്നെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന തരത്തിലുള്ള ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ തന്നെയാണ് സിനിമ. അതിനൊപ്പം ഇവര്‍ കടന്ന് പോകുന്ന പ്രശ്നങ്ങളെ കുറിച്ചും പറയുന്നുണ്ട്.
ആദ്യ സിനിമ തിയേറ്റര്‍ എക്സ്പീരിയന്‍സ് നല്‍കുന്നതാകണമെന്ന് ആഗ്രഹിച്ചിരുന്നു
എനിക്ക് എല്ലാ തരം ജോണറുകളും ഇഷ്ടമാണ്. എന്നാല്‍ ത്രില്ലര്‍ സിനിമകള്‍ തിയേറ്ററില്‍ തന്നെ കാണേണ്ട സിനിമകളില്‍ ഒന്നാണ്. ഒരു തിയേറ്റര്‍ എക്സ്പീരിയന്‍സ് നല്കാന് കഴിയുന്നതായിരിക്കണം ആദ്യത്തെ സിനിമ എന്നുണ്ടായിരുന്നു. പിന്നെ തിരക്കഥ വായിച്ചപ്പോള്‍ എന്നെ അത് വല്ലാതെ എന്‍ഗേജ് ചെയ്യിപ്പിച്ചിരുന്നു.
ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഹരിശ്രീ അശോകന്, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രാഹുല്‍ രാജഗോപാല്‍, ഇന്ദ്രന്‍സ്, സിദ്ദിഖ്, ഷമ്മി തിലകന്, കോട്ടയം നസീര്‍, മധുപാല്‍, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശന്, സാദിഖ്, ബാബുരാജ്, അര്‍ത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം 2024 ഫെബ്രുവരി 9ന് തിയറ്ററുകളിലെത്തും. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം.