നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ഒരുപോലെ പ്രശംസ ഏറ്റുവാങ്ങിയ സിനിമകള്‍ ചെയ്ത സംവിധായകനാണ് അനുരാഗ് കശ്യപ്. എന്നാല്‍ അനുരാഗ് കശ്യപിന്റെ പല സിനിമകളും ബോക്സ് ഓഫീസില്‍ അത്ര വിജയമായിരുന്നില്ല. താന്‍ കേരളത്തിലോ തമിഴ്നാട്ടിലോ ആണ് ജനിച്ചതെങ്കില്‍ തന്റെ സിനിമകള്‍ ബോക്സ് ഓഫീസില്‍ കൂടുതല്‍ വിജയം കൈവരിച്ചേനെ എന്ന് അനുരാഗ് കശ്യപ് പറഞ്ഞു. നാഗരാജ മഞ്ജുളയ്ക്കൊപ്പം ചെയ്യുന്ന കസ്തൂരി-ദ മസ്ക് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പിങ്ക് വില്ലയോട് സംസാരിക്കവെയായിരുന്നു അനുരാഗ് കശ്യപിന്റെ പ്രതികരണം.
‘ഞാന്‍ ജനിച്ചത് തമിഴ്നാട്ടിലോ കേരളത്തിലോ ആണെങ്കില്‍, എന്റെ സിനിമ കൂടുതല്‍ ബോക്സോഫീസ് സൗഹൃദമാകുമായിരുന്നു, കാരണം അവര്‍ക്ക് അത്തരം പ്രേക്ഷകര്‍ ഉണ്ട്. എനിക്ക് എന്റെ സിനിമകള്‍ ഹിന്ദിയില്‍ മാത്രമേ ചെയ്യാനാവൂ. ഞാന്‍ ജനിച്ചത് ഉത്തര്‍പ്രദേശിലാണ്. അതുകൊണ്ട് നമുക്ക് ഒന്നും കൂടുതല്‍ ചെയ്യാന്‍ കഴിയില്ല.’ , അനുരാഗ് കശ്യപ് പറഞ്ഞു.
‘അമിതമായതെന്തും നല്ലതല്ല. സൂപ്പര്‍ ഹീറോ സിനിമകള്‍ ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചത് പോലെ ആക്ഷന്‍ ചിത്രങ്ങളുടെ ട്രെന്‍ഡും പോകും. ട്രെന്ഡിനൊപ്പംനിന്ന് സ്വന്തം സിനിമ റിലീസ് ചെയ്യുന്നവരാണ് ഇതില്‍ നിന്ന് പ്രയോജനം നേടുന്നതെ’ന്നും അനുരാഗ് കൂട്ടിച്ചേര്‍ത്തു.