ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ആദ്യ വധശിക്ഷ വിധിച്ച് കോടതി. ടെഹ്റാനിലെ റവല്യൂഷണറി കോടതിയാണു ശിക്ഷ പ്രഖ്യാപിച്ചത്. കുറ്റവാളിയെ തീകൊളുത്തി കൊല്ലണമെന്നാണു വിധിയിൽ പറയുന്നത്. ദൈവനിന്ദ ആരോപിച്ചാണ് ശിക്ഷ വിധിച്ചത്. ഇയാളുടെ പേര് വെളിപ്പെടുത്തിയില്ല.
ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെ അടിച്ചമർത്താൻ ഇറാൻ നിരവധി പേരെ വധശിക്ഷയിലൂടെ കൊന്നൊടുക്കാൻ പദ്ധതിയിടുന്നതായി നോർവേ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇറാൻ ഹ്യൂമൻ റൈറ്റ്സ് മുന്നറിയിപ്പു നൽകി. ഇറാന്റെ ക്രൂരമായ നടപടിയിൽ പ്രതിഷേധിച്ച് 30 മുതിർന്ന ഇറാൻ അധികൃതർക്കും സർക്കാർ സ്ഥാപനങ്ങൾക്കും യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തി.
ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ഇറാനെതിരെ കൂടുതൽ കടുത്ത നടപടികൾ ആവശ്യമെങ്കിൽ ആലോചിച്ച് നടപ്പാക്കുമെന്നും ഇ.യു വിദേശനയ മേധാവി ജോഫ് ബോറിൽ പറഞ്ഞു. അതേസമയം ഇ.യു നടപടി രാജ്യത്തിന്റെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും ആനുപാതികമായ നടപടികൾ തിരിച്ചും ഉണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.