ആന്തം ഫോർ കശ്മീർ… കേന്ദ്രം ഭയക്കുന്ന എട്ടേ മുക്കാൽ മിനിട്ട് ഹ്രസ്വചിത്രം എന്താണ് ലോകത്തോട് പറയുന്നത്? പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കുന്ന ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് വിവാദങ്ങളും ചർച്ചകളും തുടരുമ്പോൾ മറുവശത്ത് അതിന് മുൻപേ ചാപിള്ളയായ തന്റെ സൃഷ്ടിയെക്കുറിച്ച് ഓർക്കുകയാണ് മലയാളി സംവിധായകൻ സന്ദീപ് രവീന്ദ്രനാഥ്.
2022 മെയ് 12 കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കി 1000 നാളുകൾ പിന്നിട്ട ദിവസം സംവിധായകൻ ആനന്ദ് പട്വർധനും സംഗീതജ്ഞൻ ടിഎം കൃഷ്ണയും ചേർന്ന് ആന്തം ഓഫ് കശ്മീർ റിലീസ് ചെയ്തു. കൃത്യം ഒരു മാസം പിന്നിട്ടപ്പോൾ കേന്ദ്രത്തിൽ നിന്നും വിളി വന്നു. ചോദ്യമോ പറച്ചിലോ ഉത്തരമോ ഇല്ലാതെ ഒരു കലാസൃഷ്ടി കൂടി ദൃഷ്ടി പദത്തിൽ നിന്നകന്നു. പതിവ് പോലെ പ്രതിഷേധവും വാർത്തകളും കേസുകളും നടന്നു എന്നല്ലാതെ പ്രയോജനമൊന്നുമില്ല. സംഭാഷണങ്ങളോ സംഘട്ടനങ്ങളോ ഇല്ലാതെ സംഗീതത്തിലൂടെ ഉള്ളിലുള്ള എല്ലാ അമർഷങ്ങളും അത്രയുമുറക്കെ വിളിച്ച് പറയുന്ന ഒരു ചിത്രം ഈയടുത്തൊന്നും പുറത്തിറക്കാൻ ആരും ധൈര്യം കാണിച്ചിട്ടില്ലെന്ന് തന്നെ പറയാം.
താഴ്വര ശാന്തമാണെന്ന ഒരൊറ്റ വാചകത്തിൽ മൗനമാകുന്ന,കാണാതാകുന്ന,വിധവകളാകുന്ന,കൊല്ലപ്പെടുന്നവരുടെ സംഗീതമാണ് ആന്തം ഫോർ കശ്മീർ. ബിബിസി ഡോക്യമെന്ററി വിലക്കിനെ പറ്റി പറയുമ്പോൾ വൈദേശികർ നമ്മുടെ രാജ്യത്തെ നീതി പീഠത്തെ ചോദ്യം ചെയ്യേണ്ട എന്ന് പറയുന്നവർ ഇന്ത്യക്കാരനായ ഇന്ത്യയിൽ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ള പൗരന്റെ സൃഷ്ഠിയെ വിലക്കുന്നതെന്തിനെന്നും ഉത്തരം പറഞ്ഞേ മതിയാവൂ.
സൈന്യത്തിന്റെ ഭീഷണിയും കൊവിഡ് പ്രതിസന്ധിയും നിലനിൽക്കുന്നതിനിടയിൽ കശ്മീരിലെ സാധാരണ ജനങ്ങളുടെ സഹായത്തോടെയാണ് സന്ദീപ് ചിത്രീകരണം പൂർത്തിയാക്കിയത്.ചിത്രീകരണത്തിനിടെ ഗ്രനേഡ് പൊട്ടി ഒപ്പമുണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റതും മറക്കാൻ പറ്റാത്ത അനുഭവങ്ങളാണ്. വിലക്ക് നീങ്ങി എന്നെങ്കിലും തന്റെ ചിത്രം ഇന്ത്യയിൽ പ്രദർശിപ്പിക്കാനാവുമെന്ന ശുഭപ്രതീക്ഷയിലാണ് സന്ദീപ്. എറണാകുളം കാലടി സ്വദേശിയായ സന്ദീപ് നിർമാതാവ് ടി രവീന്ദ്രനാഥിന്റെ മകനാണ്.