കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നേരെ ചാവേര്‍ ആക്രമണം നടത്തുമെന്ന ഭീഷണിക്കത്ത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കാണ് ഭീഷണിക്കത്ത് വന്നത്.
ഒരാഴ്ച മുമ്പ് ഏപ്രില്‍ 17നാണ് ബിജെപി ഓഫീസില്‍ കത്ത് ലഭിച്ചത്. എറണാകുളം സ്വദേശി ജോസഫ് ജോണ്‍ നടുമുറ്റത്തിന്റെ പേരിലാണ് ഭീഷണിക്കത്ത് വന്നത്. കത്ത് വന്ന ഉടനെ തന്നെ പൊലീസിന് കൈമാറിയിരുന്നതായി ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.
എഡിജിപി കത്ത് ഇന്റലിജന്‍സിന് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു. ഇന്റലിജന്‍സ് മേധാവിയുടെ റിപ്പോര്‍ട്ടിലാണ് സുരക്ഷാ ഭീഷണി സംബന്ധിച്ച് വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുന്നത്. ഇതിന്റെ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിക്കൊണ്ടും നിര്‍ദേശങ്ങള്‍ നല്‍കിയും ഇന്റലിജന്‍സ് മേധാവി ടികെ വിനോദ്കുമാര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് സുരക്ഷാ ഭീഷണിയെക്കുറിച്ച് പരാമര്‍ശമുള്ളത്. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് ശേഷമുള്ള സാഹചര്യങ്ങള്‍ ഗൗരവത്തിലെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.