രണ്‍ബീര്‍ കപൂര്‍ നായകനായ ‘അനിമല്‍’ ഡിസംബര്‍ 1നാണ് തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. ചിത്രം റിലീസ് ചെയ്ത് 40 മുതല്‍ 60 ദിവസത്തിനുള്ളിലാണ് ചിത്രം ഒടിടിയിലെത്തുക. അതിനാല്‍ ജനുവരി രണ്ടാം വാരത്തിലോ മൂന്നാം വാരത്തിലോ ചിത്രം ഒടിടിയിലെത്തുമെന്നാണ് സൂചന. നെറ്റ്ഫ്ലിക്സാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാര്‍ട്ട്ണര്‍.
അതേസമയം റിലീസ് ചെയ്ത് 5-ാം ദിവസം പിന്നിടുമ്പോള്‍ ആഗോള തലത്തില്‍ 481 കോടിയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. താമസിയാതെ തന്നെ ചിത്രം 500 കോടി ക്ലബ്ബില്‍ ഇടം നേടും. ഹിന്ദിയില്‍ നിന്ന് മാത്രം ചൊവ്വാഴ്ച്ച ചിത്രം നേടിയത് 34.02 കോടിയാണെന്നാണ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എല്ലാ ഭാഷകളും ഒരുമിച്ച് ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ചിത്രം ഇതുവരെ നേടിയത് 284.05 കോടിയാണ്.
അര്ജുന് റെഡ്ഡി, കബീര്‍ സിംഗ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത ചിത്രമാണ് ‘അനിമല്‍’. ബോളിവുഡില്‍ ഈ അടുത്ത് കണ്ട ഏറ്റവും അധികം വയലന്‍സ് നിറഞ്ഞ ചിത്രം കൂടിയാണിത്. ചിത്രത്തില്‍ രണ്‍ബീര്‍ കപൂറിന് പുറമെ രശ്മിക മന്ദാന, അനില്‍ കപൂര്‍, ബോബി ഡിയോള്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.