ആകാശത്ത് സംശയാസ്പദമായി കണ്ടെത്തിയ നാലാമത്തെ ചാര ബലൂണും അമേരിക്കയുടെ പോർവിമാനങ്ങൾ വെടിവച്ചു വീഴ്ത്തി. എന്നാൽ ആദ്യത്തേതൊഴികെയുള്ള ബലൂണുകൾ ചൈന അയച്ചതാണെന്ന് യുഎസ് ഇതുവരെ ആരോപിച്ചിട്ടില്ല. കാനഡയുടെ അതിർത്തിയോടു ചേർന്നുള്ള ഹ്യുറോൺ തടാകത്തിനു സമീപമാണ് 20,000 അടി ഉയരത്തിൽ ചാര ബലൂൺ കണ്ടെത്തിയത്.
യുഎസ് വ്യോമസേനയുടെ എഫ്–16 പോർവിമാനങ്ങളാണ് ബലൂണുകളെ വെടിവച്ചിട്ടത്. ശനിയാഴ്ച കാനഡയിലെ യുകോണിനു മുകളിലൂടെയും വെള്ളിയാഴ്ച യുഎസിലെ അലാസ്കയിലും സമാനമായ രീതിയിൽ ബലൂണുകൾ കണ്ടെത്തി നശിപ്പിച്ചിരുന്നു. എന്നാൽ അവസാനം വീഴ്ത്തിയ മൂന്ന് വസ്തുക്കളുടെ അവശിഷ്ടങ്ങൾ വീണ്ടെടുത്തതിന് ശേഷം മാത്രമേ മറ്റ് കാര്യങ്ങൾ സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂവെന്ന് യുഎസ് എയർഫോഴ്സ് ജനറൽ ഗ്ലെൻ വാൻഹെർക്ക് അറിയിച്ചു.
എന്നാൽ ചാര ബലൂണുകൾ അന്യഗ്രഹജീവികൾ അയച്ചതാകാമെന്ന സാധ്യതയും തള്ളിക്കളയുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം 2022 ജനുവരിയ്ക്കു ശേഷം യുഎസ് 10 ബലൂണുകളെങ്കിലും ചൈനയുടെ ആകാശത്തേക്ക് വിട്ടിട്ടുണ്ടെന്ന് ചൈന ആരോപിച്ചു. ഈ ആരോപണത്തെ വൈറ്റ് ഹൗസ് നിഷേധിക്കുകയും ചെയ്തു.