കോഴിക്കോട് മെഡിക്കൽ കോളജിൽ ആംബുലൻസിന്റെ ഡോർ തുറക്കാൻ കഴിയാത്തതിനാൽ ആംബുലൻസിനകത്തുണ്ടായിരുന്ന രോഗി മരിച്ചു .ഫറോക്ക് കരുവന്തിരുത്തിയിലെ എസ്.പി. ഹൗസില്‍ കോയമോന് (66) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടുകൂടി ബീച്ച് ആശുപത്രി റോഡിലൂടെ നടന്നുപോകുകയായിരുന്ന കോയമോനെ സ്കൂട്ടറിടിക്കുകയായിരുന്നു.
പരിക്കേറ്റ കോയമോനെ ആദ്യം ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപകടനില തുടർന്നതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു . ഡോക്ടറുൾപ്പെടെയുള്ള ആംബുലന്‍സിലാണ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്. സമയത്തിന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആംബുലൻസിന്റെ ഡോർ തുറക്കാൻ സാധിക്കാത്തതിനാൽ കോയമോനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കാൻ വൈകി. അവസാനം ഇരുമ്പ് കഷ്ണമുപയോഗിച്ച് ഡോർ വെട്ടിപ്പൊളിച്ച് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചെറൂട്ടി റോഡിലുള്ള പി.കെ. സ്റ്റീൽ എന്ന സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മരിച്ച കോയമോന്. ഭാര്യ നഫീസ. സഹോദരങ്ങള്‍: എസ്.പി. നഫീസ, എസ്.പി. ഹസ്സന്‍കോയ, എസ്.പി. കബീര്‍, എസ്.പി. അവറാന്‍കുട്ടി, , എസ്.പി. സിദ്ദിഖ്.