ആലുവയില്‍ കാണാതായ അഞ്ചുവയസുകാരി കൊല്ലപ്പെട്ട നിലയില്‍. ആലുവ മാര്‍ക്കറ്റിന് പിന്‍വശത്ത് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചത് തട്ടിക്കൊണ്ട് പോയ കുട്ടി തന്നെയാണെന്ന് പൊലീസ് പറഞ്ഞു.
ആലുവയില്‍ തട്ടിക്കൊണ്ടു പോയ അഞ്ചു വയസുകാരിയെ സക്കീര്‍ എന്നയാള്‍ക്ക് കൈമാറിയതായി നേരത്തെ പ്രതി പറഞ്ഞിരുന്നു. തനിക്ക് വേറൊന്നും അറിയില്ലെന്നും പ്രതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ആലുവ ഫ്ളൈ ഓവറിന് താഴെ വെച്ചാണ് ഇയാള്‍ കുട്ടിയെ കൈമാറിയതെന്നായിരുന്നു പ്രതി പൊലീസിനോട് പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
അസം സ്വദേശിയായ അസ്ഫാക്ക് ആണ് കുട്ടിയെ ഇന്നലെ തട്ടിക്കൊണ്ട് പോയത്. അസ്ഫാക്ക് കുട്ടിക്ക് ജ്യൂസ് വാങ്ങി നല്‍കിയാണ് തട്ടിക്കൊണ്ട് പോയത്. പ്രതി പോയ ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ബീഹാര്‍ സ്വദേശികളുടെ മകളാണ് മരിച്ച കുട്ടി. തായിക്കാട്ടുകര യുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. നാല് വര്‍ഷമായി കുട്ടിയും കുടുംബവും ചൂര്‍ണിക്കര പഞ്ചായത്തിലെ ഗാരാഷിന് സമീപം വാടകയ്ക്ക് താമസിക്കുന്നുണ്ട്. ഇന്നലെ മുതല്‍ ആണ് അസ്ഫാക്ക് ദമ്പതികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ താമസിക്കാന്‍ എത്തിയത്.