സൗദിയിലെ അൽ ഉല പൗരാണിക ഗ്രാമത്തിന് യുഎൻ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ മികച്ച ടൂറിസം ഗ്രാമത്തിനുള്ള പുരസ്കാരം. ‘ടൂറിസം, മാറുന്ന ജീവിതങ്ങൾ’ എന്ന പേരിൽ അൽ ഉലയിലെ കണ്ണാടി മാളികയായ മറായ കൺവെൻഷൻ ഹാളിൽ നടന്ന പരിപാടിയിൽ അവാർഡ് കൈമാറി. 2022ലെ മികച്ച പൈതൃകഗ്രാമത്തിനുള്ള അവാർഡ് പെറുവിലെ ലാമാസ് ഗ്രാമത്തിനാണ്. 900 വീടുകളും അഞ്ച് കമ്പോള ചത്വരങ്ങളും 500 കടകളും അടങ്ങിയ പ്രകൃതിമനോഹരമായ ഗ്രാമമാണ് അൽ ഉല.
32 ഓളം സ്ഥലങ്ങൾക്കാണ് അവാർഡുകൾ വിതരണം ചെയ്തത്. ഐക്യരാഷ്ട്ര സഭയുടെ ടൂറിസം വികസന ലക്ഷ്യങ്ങൾക്ക് അനുസൃതമായി അൽ ഉല സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ നീതി പുലർത്തിയിട്ടുണ്ട്. കൂടാതെ വിനോദ സഞ്ചാര മേഖലയോടുള്ള ശക്തമായ പ്രതിബദ്ധതയുമാണ് അൽഉലയെ അംഗീകാരത്തിന് അർഹമാക്കിയതെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖതീബ് പറഞ്ഞു.
അതേസമയം വിദ്യാഭ്യാസം, നവീകരണം, തൊഴിൽ വത്കരണം, നിക്ഷേപം എന്നിവയിലൂടെ ജനസമൂഹങ്ങൾക്ക് വരുമാനം ഉറപ്പാക്കുന്ന ഗ്രാമങ്ങളെ പിന്തുണയ്ക്കുകയാണ് ഈ ഉദ്യമത്തിന്റെ പ്രധാന ലക്ഷ്യം. 2022ൽ അന്താരാഷ്ട്ര വിനോദസഞ്ചാരം കോവിഡ് കാലത്തിന് മുമ്പുണ്ടായിരുന്നതിന്റെ 63 ശതമാനം വീണ്ടെടുത്തതായി യുഎൻഡബ്ല്യുടിഒ സെക്രട്ടറി ജനറൽ സുറബ് പൊളോലികാഷ്വിലി വ്യക്തമാക്കി. അംബാസഡർമാർ, മേയർമാർ, മന്ത്രിമാർ, ഗ്രാമങ്ങളുടെ പ്രതിനിധികൾ, സ്വകാര്യമേഖല നിക്ഷേപകർ തുടങ്ങി 40ലധികം രാജ്യങ്ങളുടെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.