സംസ്ഥാന ബജറ്റിന് പിന്നാലെ ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെ അധിക്ഷേപിച്ച് പി.സി ജോര്‍ജ്. റബ്ബര്‍ കര്‍ഷകര്‍ക്കുള്ള തറവില 10 രൂപ മാത്രം വര്‍ധിപ്പിച്ചതിനെതിരെ രംഗത്തെത്തിയ പിസി ജോര്‍ജ് ധനമന്ത്രിയെ നാണം കെട്ടവന് എന്നാണ് അധിക്ഷേപിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് നയിക്കുന്ന കേരള പദയാത്രയ്ക്ക് അടൂരില്‍ നല്കിയ സ്വീകരണത്തിലാണ് ധനമന്ത്രിയെ പിസി ജോര്‍ജ് അധിക്ഷേപിച്ചത്.
‘കാശ് തന്നാല്‍ എ ബജറ്റ്. കാശ് തന്നില്ലെങ്കില്‍ ബി ബജറ്റ് എന്നാണ് ധനമന്ത്രി പറയുന്നത്. എന്തൊരു നാണംകെട്ടവനാണ് ആ മന്ത്രി. കെ എം മാണിയുടെ കാലത്ത് റബര്‍ കര്ഷന് ഒരു കിലോ റബ്ബറിന് 170 രൂപ തറവില പ്രഖ്യാപിച്ചിരുന്നു. ഈ ബജറ്റില്‍ ഈ മന്ത്രി 10 രൂപയാണ് കൂട്ടിയത്. നാണം കെട്ടവന്. 250 രൂപ തരും എന്ന് പ്രകടന പത്രികയില്‍ എഴുതി വെച്ച് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുവാങ്ങി അധികാരത്തില്‍ വന്ന് രണ്ടര വര്‍ഷം കഴിഞ്ഞപ്പോള്‍ 10 രൂപ തരാമെന്ന്. അതാണ് അത് വീട്ടില്‍ കൊടുക്കാന്‍ ഞാന്‍ പറഞ്ഞത്,’ പി സി ജോര്‍ജ് പറഞ്ഞു.
താന്‍ മത്സരിച്ചാല്‍ ജയം ഉറപ്പാണെന്നും തോമസ് ഐസക് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും തന്റെ പേര് കേട്ടപ്പോഴേ ആന്റോ ആന്റണി പേടിച്ച് മണ്ഡലം മാറ്റി ചോദിച്ചു. ലോക്സഭയിലേക്ക് മത്സരിക്കുകയാണെങ്കില്‍ പത്തനംതിട്ട അല്ലാതെ മറ്റൊരു മണ്ഡലം പരിഗണനയിലില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.
തിരുവനന്തപുരത്ത് വെച്ച് 13നായിരിക്കും ജനപക്ഷം പാര്‍ട്ടി ബിജെപിയില്‍ ഔദ്യോഗികമായി ലയിക്കുകയെന്നും പി.സി ജോര്‍ജ് പറഞ്ഞു. കേരള ജനപക്ഷം പാര്‍ട്ടിയുടെ 112 സംസ്ഥാന കമ്മിറ്റി അംഗങ്ങളും ലയന സമ്മേളനത്തില്‍ ബിജെപി അംഗത്വം സ്വീകരിക്കും. ഈ ലയനം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു.
നൂറു ശതമാനവും താന്‍ ആത്മാര്‍ത്ഥതയുള്ള ബിജെപി പ്രവര്‍ത്തകനായി മാറുമെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അഞ്ച് സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.