ലോകോത്തര ബ്രാൻഡായ ‘ഗുച്ചി’ യുടെ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് താരം ആലിയ ഭട്ട് . ഗുച്ചിയുടെ ഗ്ലോബൽ അംബാസ്സഡറാകുന്ന ആദ്യ ഇന്ത്യക്കാരിയാണ് ആലിയ ഭട്ട്. ലോകത്തെ ഏറ്റവും വലിയ ഫാഷൻ മാമാങ്കമായ ‘മെറ്റ് ഗാലയിൽ’ ചുവടുവച്ചതിനു പിന്നാലെയാണ് ആലിയ ചരിത്രമെഴുതിയത്. ഇന്ത്യയിൽ നിന്നും മറ്റാരും ഇതുവരെ ഇറ്റാലിയൻ ബ്രാൻഡായ ഗുച്ചിയുടെ ബ്രാൻഡ് അംബാസ്സഡറായിട്ടില്ല.
ദക്ഷിണ കൊറിയയിലെ സിയോളിൽ നടക്കുന്ന ഗുച്ചി ക്രൂയിസ് 2023 ഷോയിൽ ബ്രാൻഡ് അംബാസഡറായി ആലിയ റാംപിലെത്തും.ആലിയയ്ക്ക് പുറമേ ഹോളിവുഡ് താരം ഡക്കോട്ട ജോൺസൻ, കെ പോപ്പ് താരം ഹാനി, ഇംഗ്ലീഷ് ഗായകനും നടനുമായ ഹാരി സ്റ്റൈൽസ് എന്നിവരാണ് ഗുച്ചിയുടെ മറ്റ് ബ്രാൻഡ് അംബാസ്സഡർമാർ. ഇവരും ആലിയയ്ക്കൊപ്പം റാംപിലെത്തിക്കും.
നേരത്തെ ‘മെറ്റ് ഗാലയിൽ’ ആലിയ ഭട്ട് ശ്രദ്ധാകേന്ദ്രമായിരുന്നു. വെള്ളമുത്തുകൾ പതിപ്പിച്ച വെളുത്ത ഗൗണിലായിരുന്നു ആലിയ മെറ്റ് ഗാലയിൽ അരങ്ങേറ്റം കുറിച്ചത്. കാഴ്ചയിൽ വളരെ സിമ്പിൾ ആയിരുന്ന ഗൗണിന് ഒട്ടേറെ സവിശേഷതകൾ ഉണ്ടായിരുന്നു. ഒരു ലക്ഷത്തിൽ പരം പവിഴമുത്തുകളായിരുന്നു ഗൗണിൽ തുന്നിച്ചേർത്തിരുന്നത്.ഇതാദ്യമായായിരുന്നു ആലിയ ഭട്ട് മെറ്റ് ഗാലയിൽ പങ്കെടുത്തത്.