ആലപ്പുഴ പാണാവള്ളിയില്‍ അപൂര്‍വ്വ രോഗം ബാധിച്ച 15 കാരന് മരിച്ചു. പ്രൈമറി അമീബിക്ക് മെനിഞ്ചോ എങ്കഫലൈറ്റിസ് എന്ന രോഗം ബാധിച്ചാണ് 15 കാരന്റെ മരണം. പാണാവള്ളി സ്വദേശി അനില്‍ കുമാറിന്റെ മകന് ഗുരുദത്ത് ആണ് രോഗം ബാധിച്ച് മരിച്ചത്. കുട്ടിക്ക് എലിപ്പനിയും സ്ഥിരീകരിച്ചിരുന്നു.
കലശലായ പനിയെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലായിരുന്നു കുട്ടിയെ പ്രവേശിപ്പിച്ചിരുന്നത്. രോഗം മൂര്‍ച്ഛിച്ചതോടെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.
രോഗം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമല്ലെന്നും അതിനാല്‍ ആശങ്ക വേണ്ടെന്നും ആലപ്പുഴ ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. രോഗം ബാധിച്ചുകഴിഞ്ഞാല്‍ മരണ നിരക്ക് കൂടുതല്‍ ആയിരിക്കും. മഴക്കാലമായതിനാല്‍ തന്നെ ഈ രോഗം വരാനുള്ള സാഹചര്യം കൂടുതലാണെന്നും ജാഗ്രത വേണമെന്നും കളക്ടര്‍ അറിയിച്ചു.
2017ല്‍ ആണ് കേരളത്തില്‍ ഇതിന് മുമ്പ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ മുന്‍സിപ്പാലിറ്റി പ്രദേശത്താണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. അതിന് ശേഷം ഇപ്പോഴാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്.
ജലത്തില്‍ ജീവിക്കുന്ന ഏകകോശ ജീവിയായ അമീബ വിഭാഗത്തില്‍പ്പെടുന്ന രോഗാണുക്കള്‍ നീര്‍ച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും ചെയ്യുന്നു.
പനി, തലവേദന, അപസ്മാരം, ഛര്‍ദ്ദി എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. മലിനമായ വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നതോ മുഖവും വായും കഴുന്നതും രോഗം വരാന്‍ ഇടവരുത്തും. മഴ കാലത്ത് ഉറവ എടുക്കുന്ന നീര്‍ച്ചാലുകളില്‍ കുളിക്കുന്നതും രോഗം വരാന്‍ ഇടയാക്കും.