ദുബായ്: ഫോറിൻ എക്സേഞ്ച് കമ്പനിയായ ബി.എഫ്.സി ഗ്രൂപ്പ് ഹോൾഡിംഗിസിനെ ഏറ്റെടുത്ത് ജിസിസിയിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ അൽ അൻസാരി ഫിനാൻഷ്യൽ സർവ്വീസസ്. 200 മില്ല്യണ്‍ ഡോളർ (735 മില്ല്യണ്‍ ദിർഹം) ഇടപാടിലൂടെയാണ് കമ്പനിയെ അൽ അൻസാരി സർവ്വീസസ് ഏറ്റെടുത്തത്.
1917-ൽ സ്ഥാപിതമായ BFCGH, ബഹ്റൈനിലെയും ജിസിസിയിലെയും ആദ്യത്തെ വിദേശ വിനിമയ കമ്പനിയും സാമ്പത്തിക സേവന സ്ഥാപനവുമാണ്. ബഹ്റൈനിലെ ഫോറിൻ എക്സ്ചേഞ്ച്, മണി ട്രാൻസ്ഫർ സേവനങ്ങളിൽ മുന്നിൽ നിൽക്കുന്ന കമ്പനിയാണിത്.
ഏറ്റെടുക്കലിലൂടെ ജിസിസിയിലെ പ്രധാന വിദേശ വിനിമയ – പണമയ്ക്കൽ സേവനദാതാവായി അൽ അൻസാരി സർവ്വീസസ് മാറും. രണ്ട് കമ്പനികളുടേയും കൂടി കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ വരുമാനം ഏകദേശം 385 ദശലക്ഷം യുഎസ് ഡോളറാണ് (1.4 ബില്ല്യൺ ദിർഹം). ഏറ്റെടുക്കൽ പൂർത്തിയാവുന്നതോടെ യുഎഇ, ബഹ്റൈൻ, കുവൈറ്റ്, ഇന്ത്യ എന്നിവിടങ്ങളിലായി കമ്പനിക്ക് മൊത്തം 410 ശാഖകളും ആറായിരം ജീവനക്കാരും ഉണ്ടാവും.
ബിഎഫ്സി ഗ്രൂപ്പ് ഹോൾഡിംഗിസിനെ ഏറ്റെടുക്കുക വഴി ജിസിസിയലെ പ്രധാന സ്ഥാപനമായി മാറാൻ അൽ അൻസാരി സർവ്വീസസിന് സാധിക്കുമെന്ന് കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. AAFS-ൻ്റെ ഓഹരി ഉടമകൾക്ക് ദീർഘകാല മൂല്യം നൽകാനുള്ള പ്രതിബദ്ധതയും കമ്പനി ആവർത്തിച്ചു. 2025 തുടക്കത്തോടെ ലയനനടപടികൾ പൂർത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനി അറിയിച്ചു.
“ഈ ഏറ്റെടുക്കൽ ഞങ്ങളുടെ വളർച്ചയുടെ പാതയിലെ ഒരു സുപ്രധാന നിമിഷമാണ്, ഞങ്ങളുടെ കമ്പനിയെ ഗൾഫ് മേഖലയിലെ മുൻനിര വിദേശ വിനിമയ, പണമയയ്ക്കൽ സേവന ദാതാവായി മാറ്റാൻ ഇതിലൂടെ സാധിക്കും. ഞങ്ങളുടെ ഉപഭോക്തൃ അടിത്തറ വിപുലീകരിക്കുന്നതിലൂടെയും ജിസിസിയിലും ഇന്ത്യയിലുടനീളവും ഞങ്ങളുടെ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിലൂടെ കൂടുതൽ എളുപ്പത്തിൽ ഉപഭോക്തക്കാൾക്ക് പണം അയക്കാനും വിനിമയം ചെയ്യാനും സാധിക്കും. ഇടപാടിലൂടെ പ്രാദേശികമായി കമ്പനിയുടെ സാന്നിധ്യം വർധിപ്പിക്കാനും പുതിയ വിപണി സാധ്യതകൾ തുറന്നിടാനും പറ്റും. – അൽ അൻസാരി ഫിനാൻഷ്യൽ സർവീസസ് പിജെഎസ്സിയുടെ ഗ്രൂപ്പ് സിഇഒ റാഷിദ് അലി അൽ അൻസാരി പറഞ്ഞു.
