ഷവർമയെന്ന് കേട്ടാൽ കോഴിയിറച്ചി കൊണ്ടുള്ള നോൺ വെജ് വിഭവവും അതിന്റെ രുചിയുമാണ് ഓർമ വരുക. എന്നാൽ കോഴിയിറച്ചിക്ക് പകരം ഈന്തപ്പഴം കൊണ്ടുള്ള വെറൈറ്റി ഷവർമയാണ് ഇപ്പോൾ താരം. സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സ ഈന്തപ്പഴ വിപണന മേളയിൽ രുചി പകരുന്നത് ഈ വ്യത്യസ്തമായ ഷവർമയാണ് . ഇവിടെ ഒരു സ്റ്റാളിലെ ‘ഈന്തപ്പഴ ഷവർമ’ സന്ദർശകരുടെ ശ്രദ്ധപിടിച്ചു പറ്റുന്നുണ്ട്.
ഓരോ വർഷവും പുതുമ നിറഞ്ഞ ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് ഈ ഈന്തപ്പഴ ഷവർമയെന്ന് വ്യാപാരികൾ പറഞ്ഞു. കൂടാതെ രാജ്യത്ത് ഏറ്റവും കൂടുതൽ ഈത്തപ്പഴം വിളവെടുക്കുന്ന സ്ഥലങ്ങളിലൊന്നാണ് അൽ അഹ്സ. ഇവിടുത്തെ കൃഷിയിടങ്ങളിൽനിന്ന് ടൺകണക്കിന് ഈത്തപ്പഴമാണ് വിളവെടുക്കാറ്. വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്.
‘ഈന്തപ്പഴം മധുരമാണ്’ എന്ന പേരിലാണ് ഈന്തപ്പഴ വിപണമേള നടക്കുന്നത്. കിഴക്കൻ മേഖല വികസന അതോറിറ്റിയുടെയും അൽഅഹ്സ ചേംബർ ഓഫ് കോമേഴ്സിന്റെയും സഹകരണത്തോടെ അൽ അഹ്സ മുനിസിപ്പാലിറ്റിയാണ് മേള സംഘടിപ്പിക്കുന്നത്. കാർഷിക പ്രധാനമായ അൽ അഹ്സ മേഖലയിലെ ഈന്തപ്പഴ ഫാക്ടറികളിൽനിന്നുള്ള ഈന്തപ്പഴങ്ങളും കർഷകർ നേരിട്ടെത്തിക്കുന്നതുമായ വിവിധതരം ഈന്തപ്പഴങ്ങളും അനുബന്ധ ഉൽപന്നങ്ങളുമാണ് മേളയിലുള്ളത്.
ഇന്തപ്പഴവും വിവിധ തരം ധാന്യപരിപ്പുകളും (നട്സ്) കൊണ്ടാണ് ഈ വ്യത്യസ്ത ഷവർമയുടെ നിർമാണം. സാധാരണ ഷവർമ മാംസം പോലെ തന്നെ കുത്തിനിറുത്തിയ കമ്പിയിൽ പൊതിഞ്ഞുവെച്ചിരിക്കുന്ന ഈ മിശ്രിതത്തിൽ ഈന്തപ്പഴത്തിന്റെ അളവ് 40 ശതമാനം മാത്രമാണ്. കുരുകളഞ്ഞ ഈന്തപ്പഴത്തിന്റെ മാംസ ഭാഗം മാത്രം എടുത്ത് വിവിധതരം പരിപ്പുകളുമായി കൂട്ടിക്കുഴച്ച് ഇറച്ചി പോലെ പൊതിഞ്ഞ് സ്തൂഭമാക്കി കുത്തിനിർത്തിയ ശേഷം അതിൽ നിന്ന് ആവശ്യക്കാർക്ക് കോഴിയിറച്ചി പോലെ കത്തി കൊണ്ട് ചീന്തിയെടുത്ത് കടലാസിൽ പൊതിഞ്ഞ് ഷവർമ പോലെ കൊടുക്കുകയാണ് ചെയ്യുന്നത്.