പ്രതിപക്ഷ എം.പിമാര്‍ സംസാരിക്കുമ്പോള്‍ അവരെ കുറച്ച് സമയം കാണിക്കുന്നതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി സംസാരിക്കുമ്പോള്‍ കൂടുതല്‍ സമയവും സ്പീക്കറെയും സഭാംഗങ്ങളെയുമാണ് കാണിച്ചത്. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയത്.
പാര്‍ലമെന്ററി നടപടികള്‍ സംപ്രേഷണം ചെയ്യുന്ന സന്‍സദ് ടിവിയെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം. പി മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.
‘ഞാന്‍ ഇന്ന് സംസാരിക്കുന്നുണ്ട്. അതുകൊണ്ട് തിളങ്ങുന്ന പച്ചയും പിങ്കും സാരി ഉടുത്താണ് വന്നരിക്കുന്നത്. നാണമില്ലാതെ പക്ഷപാതം കാണിക്കുന്ന സന്‍സദ് ടിവി ഞാന്‍ സംസാരിക്കുമ്പോള്‍ വേറെ എവിടെയെങ്കിലും ഫോക്കസ് ചെയ്താലോ?,’ എന്നാണ് മഹുവ മൊയ്ത്രയുടെ ട്വീറ്റ്.
Am supposed to speak today. Am wearing a bright pink & green saree just in case shameless biased @sansad_tv focuses elsewhere during my speech pic.twitter.com/YvfxiUBsqF
— Mahua Moitra (@MahuaMoitra) August 10, 2023
സന്‍സദ് ടിവിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പി ടി എന്‍ പ്രതാപന് ലോക്സഭ സ്പീക്കര്‍ക്കും സെക്രട്ടറി ജനറലിനും കത്ത് നല്കി. സന്‍സദ് ടിവിയുടെ നടപടി നൈതിക വിരുദ്ധമാണെന്നും പ്രതാപന് പറഞ്ഞു.
അരമണിക്കൂറോളം സംസാരിച്ച രാഹുല്‍ ഗാന്ധിയെ 14 മിനുട്ട് മാത്രമാണ് സന്‍സദ് ടിവിയില്‍ കാണിച്ചത്. മണിപ്പൂരിനെക്കുറിച്ച് 15 മിനിട്ടും 42 സെക്കന്‍ഡും സംസാരിച്ചപ്പോള്‍ രാഹുലിനെ കാണിച്ചത് വെറും നാല് മിനുട്ട് മാത്രമാണ്. അതേസമയം അതിന് ശേഷം സംസാരിച്ച സ്മൃതി ഇറാനി സംസാരിച്ച 53 മിനുട്ടില്‍ 49 മിനുട്ടും അവരുടെ മുഖം കാണിച്ചു. ഇതിനെതിരെയാണ് പ്രതിപക്ഷം രംഗത്തെത്തിയത്.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ഇതിനെതിരെ രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ സ്ക്രീന്‍ ടൈം കുറച്ചതിനെ ചോദ്യം ചെയ്ത ജയറാം രമേശ്, എന്തിനാണ് മോദി ഭയപ്പെടുന്നതെന്നും ഇത് വളരെ മോശമാണെന്നും പറഞ്ഞു.