ഹിറ്റ് നോവൽ റാം കെയർ ഓഫ് ആനന്ദി പിഡിഎഫ് രൂപത്തിൽ പ്രചരിപ്പിക്കുന്നതിൽ പ്രതികരണവുമായി അഖിൽ പി ധർമ്മജൻ. കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് താൻ കടന്നു പോകുന്നതെന്നും ഉറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയാണെന്നും അഖിൽ ഇൻസ്റ്റാഗ്രാമിലിട്ട വീഡിയോയിൽ പറയുന്നു.
വിൽപനയിൽ റെക്കോർഡ് സൃഷ്ടിച്ച നോവൽ റാം കെയർ ഓഫ് ആനന്ദി പിഡിഎഫ് രൂപത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് ഇതിനോടകം നടപടി ആരംഭിച്ചിട്ടുണ്ട്. പുസ്കത്തിൻ്റെ പ്രസാധകരായ ഡിസി ബുക്സും രചയിതാവായ അഖിൽ പി ധർമ്മജനും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ടെലിഗ്രാം ഗ്രൂപ്പിലൂടേയും മറ്റുമാണ് പ്രധാനമായും പുസ്തകത്തിൻ്റെ പിഡിഎഫ് വേർഷൻ പ്രചരിക്കുന്നത്.
അഖിൽ പി ധർമജൻ രചിച്ച റാം കെയർ ഓഫ് ആനന്ദി നിലവിൽ 31-ാം പതിപ്പിലെത്തി നിൽക്കുകയാണ്. ഇതുവരെ പുസ്തകത്തിൻ്റെ ലക്ഷക്കണക്കിന് കോപ്പിയാണ് വിറ്റുപോയിട്ടുള്ളത്. ആമസോൺ ഇന്ത്യയിൽ കഴിഞ്ഞ ഒരു മാസത്തിലേറെയായി ബെസ്റ്റ് സെല്ലറായിരുന്നു പുസ്തകം. ഇതിനിടയിലാണ് പുസ്തകത്തിൻ്റെ പിഡിഎഫ് പ്രചരിക്കാൻ തുടങ്ങിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് പുസ്തകം പ്രചരിപ്പിച്ച നിരവധി പേരെ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്.
അഖിൽ പി ധർമ്മജൻ്റെ വാക്കുകൾ –
സത്യത്തിൽ സന്തോഷത്തോട് കൂടി ഒരു വീഡിയോ ചെയ്യേണ്ട ദിവസമായിരുന്നു ഇത്.. റാം കെയർ ഓഫ് ആനന്ദിയുടെ സ്പെഷ്യൽ ലിമിറ്റഡ് എഡിഷൻ പുറത്തിറക്കുമെന്ന് ഡിസി ബുക്സ് എന്നെ വിളിച്ചറിയിച്ചിരുന്നു. സ്വന്തം പുസ്തകത്തിന് ഒരു സ്പെഷ്യൽ എഡിഷനുണ്ടാവുക എന്നത് ഏതൊരു എഴുത്തുകാരനും കിട്ടാവുന്ന വലിയ ഭാഗ്യമാണ്. അക്കാര്യം നിങ്ങളെ അറിയിക്കാൻ വേണ്ടി സന്തോഷത്തോടെ നിങ്ങൾക്ക് മുൻപിൽ എത്തേണ്ട ദിവസമാണിത്.. പക്ഷേ അതിനു പറ്റിയ മാനസികാവസ്ഥയിൽ അല്ല ഞാൻ..
നിങ്ങൾക്കറിയാം കഴിഞ്ഞ രണ്ട് ദിവസമായി റാം കെയർ ഓഫ് ആനന്ദി ആരൊക്കെയോ ചേർന്ന് സ്കാൻ ചെയ്ത് പിഡിഎഫ് രൂപത്തിൽ പ്രചരിപ്പിക്കുകയാണ്. അവരോടൊക്കെ എന്താണ് പറയേണ്ടത് എന്നെനിക്കറിയില്ല. കഴിഞ്ഞ കുറച്ചു ദിവസം എനിക്ക് സന്തോഷത്തിൻ്റേതായിരുന്നു. ഒരുപാട് പേർ പുസ്തകം വായിച്ച് എന്നെ വിളിച്ചിരുന്നു. കടക്കെണിയിലായിരുന്ന പല പുസ്തക വിൽപനക്കാരും എന്നോട് പറഞ്ഞത് റാം കെയർഓഫ് ആനന്ദിയുടെ വിൽപന കാരണം അവർക്കെല്ലാം ഒന്നു നിവർന്നു നിൽക്കാനായി എന്നാണ്.
കഴിഞ്ഞ രണ്ടാഴ്ചയായി ഞാൻ ഭയങ്കര സന്തോഷത്തിലായിരുന്നു. ഇപ്പോൾ അതൊന്നുമല്ല അവസ്ഥ.. എനിക്കിത് ശീലമാണ് എൻ്റെ ഒരു സന്തോഷവും അധികം നീണ്ടു നിന്നിട്ടില്ല. എഴുത്താണ് എൻ്റെ പാഷൻ എത്ര സങ്കടമുണ്ടെങ്കിലും എഴുതുമ്പോൾ ഞാൻ എല്ലാം മറക്കും. പിഡിഎഫൊക്കെ ഇറക്കി മറ്റുള്ളവർക്ക് ഷെയർ ചെയ്യുമ്പോൾ നിങ്ങൾ ആലോചിക്കേണ്ടത് സ്വന്തം കുഞ്ഞ് ദ്രോഹിക്കപ്പെടുമ്പോൾ ഉണ്ടാവുന്ന വേദനയാണ് അപ്പോൾ ഞാൻ അനുഭവിക്കുന്നത് എന്നതാണ്.
പിഡിഎഫായി നോവൽ പ്രചരിപ്പിക്കുന്നതിനെ ചോദ്യം ചെയ്തപ്പോൾ നിനക്കെന്താ… എന്നാണ് ഒരാൾ ടെലിഗ്രാം ചാറ്റിൽ എന്നോട് ചോദിച്ചത്. എന്നെ തോൽപ്പിക്കണം എന്ന് ആഗ്രഹിച്ചവർക്ക് സന്തോഷിക്കാം നിങ്ങൾ അതിൽ വിജയിച്ചിരിക്കുന്നു. നമ്മൾ അരിവച്ച് കഞ്ഞിയാക്കി കഴിക്കാൻ പാത്രത്തിലേക്കിടുമ്പോൾ അതിൽ മണ്ണ് വാരിയിട്ടൊരു അവസ്ഥയാണ്. നിങ്ങൾ പറഞ്ഞ പോലെ ഒരു നോവലിസ്റ്റിനൊപ്പവും നിൽക്കാൻ എനിക്ക് യോഗ്യതയില്ല.
എൻ്റെ ജീവിതമാണിത്.. അതു വച്ച് കളിക്കരുത്.. എൻ്റേത് എന്നു മാത്രമല്ല ഒരു എഴുത്തുകാരൻ്റെ പുസ്തകം വച്ചും ഇങ്ങനെ കളിക്കരുത്.. എന്നെ കരയിപ്പിക്കണം എന്ന് ആഗ്രഹിച്ചവർക്ക് സന്തോഷിക്കാം നിങ്ങൾ അതിൽ വിജയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി എനിക്ക് ഉറക്കമില്ല. തകർന്നടിഞ്ഞു നിൽക്കുകയാണ്.. പക്ഷേ ഞാൻ തിരിച്ചു വരും.. ഇതൊന്നും ഞാൻ പ്രതീക്ഷിച്ചില്ല. ഞാൻ സാധാരണകുടുംബത്തിൽ ജനിച്ച ഒരു വ്യക്തിയാണ്. എഴുത്തും സാഹിത്യവും ഒരു പാഷനായി കണ്ടാണ് ഞാൻ വളർന്നത്. പുസ്തകം വിറ്റു നടന്നവനാണ് ഞാൻ.. രണ്ട് വർഷം ചെന്നൈയിൽ പല ജോലികൾ ചെയ്തു ജീവിച്ചു നേടിയ അനുഭവമാണ് ആ നോവൽ.. ഇത്തിരിയെങ്കിലും മനസ്സാക്ഷിയുണ്ടെങ്കിൽ ഗ്രൂപ്പ് ഉണ്ടാക്കി പുസ്തകം സ്പ്രെഡ് ചെയ്യരുത്..
View this post on Instagram