സ്കൂൾ ബസുകൾ നിരീക്ഷിക്കാൻ അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി പുതിയ സംവിധാനം ഏർപ്പെടുത്തി. ഏറ്റവും ഉയർന്ന സുരക്ഷ നടപ്പിലാക്കുക എന്നതാണ് പുതിയ സ്വിഫ്റ്റ് ഡിജിറ്റൽ സംവിധാനംകൊണ്ട് ലക്ഷ്യമിടുന്നതെന്ന് പബ്ലിക് ട്രാൻസ്പോർട്ട് ആൻഡ് പെർമിറ്റ് ഏജൻസി സി ഇ ഒ സമി അലി അൽ ജല്ലാഫ് പറഞ്ഞു.
പുതിയ സംവിധാനം ഈ അധ്യയനവർഷം തുടക്കം തന്നെ നടപ്പിലാക്കിയിട്ടുണ്ട്. കാലാവധി കഴിഞ്ഞ പെർമിറ്റുകൾ കണ്ടെത്തുകയും അനുമതി ലഭിക്കാതെ ഏതെങ്കിലും സ്കൂൾ ബസ്സുകൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയും ചെയ്യും. അതേ സമയം സ്കൂൾ ബസ്സുകളിൽ ഫസ്റ്റ് എയ്ഡ് ബാഗും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉണ്ടോയെന്ന് പരിശോധിക്കാനും പുതിയ ഡിജിറ്റൽ സംവിധാനം വഴി സാധിക്കുമെന്ന് അൽ ജല്ലാഫ് വ്യക്തമാക്കി.
സ്കൂൾ ബസ് ഡ്രൈവർമാർക്ക് വാഹനമോടിക്കാൻ നിയമപരമായ അനുമതി ഉണ്ടായിരിക്കണം. വിദ്യാർത്ഥികൾ ബസിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും ബസ്സിൽ ഇലക്ട്രോണിക് പാർക്കിംഗ് സംവിധാനം പ്രവർത്തിക്കുന്നുണ്ടോ എന്നും പുതിയ സംവിധാനം വഴി നിരീക്ഷിക്കും. നിയമലംഘനം നടത്തുന്നവർക്ക് തക്കതായ ശിക്ഷ ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.