അനിൽ ആന്റണി ബി.ജെ.പിയിൽ ചേർന്നത് തീർത്തും അപ്രതീക്ഷിതമായ തീരുമാനമായിരുന്നുവെന്ന് സഹോദരനായ അജിത് ആന്റണി. അനിലിന്റെ ബിജെപി പ്രവേശനം കുടുംബത്തിന് വലിയ ആഘാതമായി. അനിൽ ആന്റണി തെറ്റ് തിരുത്തി കോൺഗ്രസിലേക്ക് തിരിച്ചു വരുമെന്നാണ് പ്രതീക്ഷയെന്നും സഹോദരൻ അജിത് ആന്റണി പറഞ്ഞു.
വാർത്ത വന്നതോടെ പപ്പ ദുഃഖിതനായി മാറിനിൽക്കുകയായി. ഇതിന് മുമ്പ് പപ്പയെ ഇത്രയും ദുർബലനായി കണ്ടിട്ടില്ല. അനിൽ ആന്റണിയുടെ തീരുമാനം ദുഃഖകരമാണെന്നും അജിത് പറഞ്ഞു. ബി.ജെ.പിയുമായുള്ള ബന്ധം എങ്ങനെയാണെന്ന് വിശദീകരിക്കേണ്ടത് അവരാണ്. അനിലിനെ കോൺഗ്രസിൽ നിലനിർത്താൻ നേതൃത്വം ശ്രമിച്ചിട്ടും പരാജയപ്പെട്ടതാകാം. ബി.ജെ.പി അനിലിനെ കറിവേപ്പില പോലെ വലിച്ചെറിയും. അൽഫോൺസ് കണ്ണന്താനം അടക്കമുള്ളവർ ഇതിന് ഉദാഹരണമാണ്.
‘ബിജെപി ഒരു ലീഡറിനെയാണ് ചുറ്റിപ്പറ്റി നിൽക്കുന്നത്. അവർ പറയുന്നത് തന്നെ മോദി സർക്കാർ എന്നാണ്, ബിജെപി സർക്കാർ എന്ന് പോലുമല്ല. ഒരാളെ ചുറ്റിപ്പറ്റി നിൽക്കുകയാണ് എന്നതിന് അതിൽ കൂടുതൽ തെളിവ് വേണ്ടല്ലോ?’ എന്നും അജിത് ആന്റെണി പറഞ്ഞു.