ദുബൈ: ഈദ് അവധിക്ക് ശേഷം യുഎഇ, ഒമാൻ, ഖത്തർ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളുടെ സർവ്വീസ് എയർ ഇന്ത്യ താത്കാലികമായി കുറച്ചേക്കും. ഡൽഹി – ദുബൈ, ഡൽഹി – അബുദാബി, ഡൽഹി – മസ്കറ്റ് എന്നീ റൂട്ടുകളിൽ ഏപ്രിൽ അവസാന വാരം മുതൽ മെയ് വരെ ആഴ്ചയിൽ ഒരു വിമാനസർവ്വീസ് റദ്ദാക്കുമെന്നാണ് എയർലൈനെ ഉദ്ധരിച്ച് ചില ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം കാര്യമായ അഴിച്ചുപണിയാണ് എയർഇന്ത്യയിൽ നടക്കുന്നത്. എയർഇന്ത്യയും എയർഇന്ത്യ എക്സ്പ്രസ്സും വിവിധ റൂട്ടുകളിലെ വിമാനസർവ്വീസുകൾ ഏകീകരിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനു തുടർച്ചയായിട്ടാണ് താത്കാലികമായി ജിസിസി സെക്ടറിലേക്കുള്ള വിമാനസർവ്വീസുകൾ വെട്ടിചുരുക്കേണ്ടി വന്നതെന്ന് ഒരു എയർഇന്ത്യ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മണി കൺട്രോൾ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു.
എയർ ഇന്ത്യ ട്രാവൽ ഏജന്റുമാർക്ക് പുറപ്പെടുവിച്ച സർക്കുലർ അനുസരിച്ച്, ഏപ്രിൽ 29 മുതൽ മെയ് 27 വരെ ശനിയാഴ്ചകളിൽ പ്രതിവാര ഡൽഹി-മസ്കറ്റ് വിമാനങ്ങളും ഏപ്രിൽ 30 മുതൽ മെയ് 28 വരെ ഞായറാഴ്ചകളിൽ ഡൽഹി-ദോഹ വിമാനങ്ങളും സർവീസ് നടത്തില്ല. മെയ് 2 മുതൽ 30 വരെ ചൊവ്വാഴ്ചകളിൽ എയർ ഇന്ത്യയുടെ ഡൽഹി- ദുബൈ വിമാനവും മെയ് 3 മുതൽ 31 വരെ ബുധനാഴ്ചകളിൽ ഡൽഹി-അബുദാബി സർവീസും ഉണ്ടാകില്ല.
അതേസമയം വരാനിരിക്കുന്ന ഈദ് അവധി കണക്കിലെടുത്ത് ഏപ്രിലിൽ ഇന്ത്യയ്ക്കും യുഎഇക്കുമിടയിലുള്ള വിമാനസർവ്വീസുകൾ എയർ ഇന്ത്യ താൽക്കാലികമായി വർദ്ധിപ്പിച്ചതായി മറ്റൊരു എയർലൈൻ ഉദ്യോഗസ്ഥൻ പറഞ്ഞു. എയർ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കും അബുദാബിയിലേക്കുമുള്ള സർവീസുകളുടെ എണ്ണം അഞ്ചിൽ നിന്ന് ആറായി വർധിപ്പിച്ചതായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഏപ്രിൽ 12 ന് പ്രസ്താവനയിൽ അറിയിച്ചിരുന്നു.