ഡൽഹി: പുതിയ ലിവറിയിലുള്ള എ350-900 വിമാനം ആദ്യ സർവീസ് നടത്തിയതായി എയർ ഇന്ത്യ അറിയിച്ചു. സിംഗപ്പൂരിൽ നിന്ന് ടുലൂസിലേക്കായിരുന്നു വിമാനത്തിൻ്റെ പുത്തൻ രൂപത്തിലുള്ള ആദ്യയാത്ര. പുതിയ ലിവറി എയർ ഇന്ത്യയുടെ യാത്രയിലെ പുതിയൊരു അധ്യായത്തെ സൂചിപ്പിക്കുന്നു. കൂടാതെ യാത്രക്കാർക്ക് ആധുനികവും ആകർഷകവുമായ യാത്രാനുഭവം നൽകാനുള്ള എയർലൈനിന്റെ പരിശ്രമത്തെ പ്രതിഫലിപ്പിക്കുന്നു – പുതിയ ലിവറിയോട് കൂടിയുള്ള വിമാനത്തിൻ്റെ ചിത്രം പങ്കുവച്ച് കൊണ്ട് എയർഇന്ത്യ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
സിംഗപ്പൂരിലാണ് വിമാനത്തിൻ്റെ ലിവറിയുടെ പെയിൻ്റിംഗ് നടന്നതെന്ന് ഉന്നത എയർഇന്ത്യ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അടുത്ത മാസം പുതിയ ലിവറിയിൽ പുത്തൻ വിമാനം എയർ ഇന്ത്യയ്ക്ക് കൈമാറുകയും സർവ്വീസ് ആരംഭിക്കുകയും ചെയ്യും. ഇതിനു മുന്നോടിയായുള്ള ചില നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് വിമാനം സിംഗപ്പൂരിൽ നിന്നും ടുലൂസിലേക്ക് പോയത് എന്നും ഉദ്യോഗസ്ഥൻ വിശദീകരിക്കുന്നു.
ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ എയർ ഇന്ത്യ 250 എയർബസ് വിമാനങ്ങൾക്കും 220 പുതിയ ബോയിംഗ് ഫ്ലൈറ്റുകൾക്കുമുള്ള ഓർഡർ നൽകിയിരുന്നു. ഏതാണ്ട് 70 ബില്യൺ ഡോളർ മൂല്യമുള്ളതാണ് ഈ ഇടപാട്. ഈ വർഷം ജൂണിൽ നടന്ന പാരീസ് എയർ ഷോയ്ക്കിടെയാണ് എയർബസ്സുമായും ബോയിംഗുമായും എയർ ഇന്ത്യ ഈ വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാർ ഉറപ്പിച്ചത്.
എയർ ബസുമായുള്ള ഇടപാടിൻ്റെ ഭാഗമായി 40 എയർബസ് എ 350 വിമാനങ്ങൾ ആണ് ആദ്യഘട്ടത്തിൽ ഡെലിവറി ചെയ്യുന്നത്. ആറ് എ 350-900 വിമാനങ്ങളും 34 എ350-1000എസ് വിമാനങ്ങളുമാണ് ആദ്യം എയർഇന്ത്യയ്ക്ക് ലഭിക്കുക. ഇതിൽ ആദ്യത്തെ എ 350-900 വിമാനം അടുത്ത മാസം ഡെലിവറി ചെയ്യും ശേഷിക്കുന്ന അഞ്ച് വിമാനങ്ങൾ മാർച്ചോടെ എത്തും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
അതേസമയം പുത്തൻ വിമാനങ്ങൾ ഏതൊക്കെ റൂട്ടിലാവും വിന്യസിക്കുക എന്ന കാര്യത്തിൽ കമ്പനി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ക്രൂ സ്റ്റാഫിന് പരിശീലനം നൽകണം എന്നതിനാൽ ആദ്യഘട്ടത്തിൽ ആഭ്യന്തര റൂട്ടുകളിൽ വിമാനം സർവ്വീസിന് ഇറക്കാനാണ് ആലോചിക്കുന്നത് – ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു.